ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കിടെ സഞ്ജു സാംസണിനെ ടീമില്‍ നിന്നും ഒഴിവാക്കിയ ദിവസത്തെ അനുഭവം പറഞ്ഞ് പരിശീലകന്‍ ഗൗതം ഗംഭീര്‍. സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയ ദിവസം രാത്രി മുഴുവന്‍ ഉറങ്ങിയിട്ടില്ലെന്ന് ഗംഭീർ പറഞ്ഞു. സഞ്ജുവിനെ ഒഴിവാക്കാനുള്ള തീരുമാനം പരിശീലന കാലയളവിലെ വ്യക്തിപരമായി ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിൽ ഒന്നാണെന്നും ഗംഭീര്‍ പറഞ്ഞു.
Also Read: 'ആറു മാസത്തിനകം വൈഭവ് ടീമില്‍ സ്ഥിരാമാകും, പുറത്തിരിക്കേണ്ടത് സഞ്ജുവല്ല ഈ രണ്ടു താരങ്ങള്‍'
'രണ്ട് വർഷത്തെ പരിശീലന യാത്രയിൽ, ആ ഒരു രാത്രി മാത്രമാണ് എനിക്ക് ഉറങ്ങാൻ കഴിയാഞ്ഞത്. ഇക്കാര്യം സഞ്ജുവിനോടും പറഞ്ഞിട്ടുണ്ട്. കാരണം, ട്വന്റി20 ഫോർമാറ്റിലെ കോച്ചിംഗ് കാലയളവിലെ ഏറ്റവും കടുത്ത തീരുമാനം അതായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു' എന്നും ഗംഭീര്‍ പറഞ്ഞു.
ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ അർഹത നൽകുന്ന പ്രകടനങ്ങൾ നടത്തുകയും ചെയ്തയാളാണ് സഞ്ജു. എന്നാൽ രണ്ടുമൂന്ന് മത്സരങ്ങളിൽ തിളങ്ങാനാവാതെ പോയതും വൈഭവ് സൂര്യവംശി തകർപ്പൻ ഫോമിൽ എത്തിയതും ഒരേ സമയത്തായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു. 'ടൂർണമെന്റിലെ താരമായ ഒരാളെ മൂന്നോ നാലോ മത്സരങ്ങൾക്ക് ശേഷം ഒഴിവാക്കേണ്ടി വരുന്നു. അതിനുള്ള കാരണം, വൈഭവ് അത്രയും മികച്ച ഫോമിലായിരുന്നു. കൂടാതെ ഞങ്ങൾക്ക് ആ പരമ്പര ജയിക്കുകയും ചെയ്യണമായിരുന്നു' എന്നും ഗംഭീര്‍ വ്യക്തമാക്കി.
ഇക്കാര്യം സഞ്ജുവുമായുള്ള സംസാരിച്ചെന്നും ഗംഭീര്‍. 'ഞാൻ സഞ്ജുവുമായി സംസാരിച്ചു. വൈഭവ് അത്രയും മികച്ച ഫോമിലായിരുന്നു. തുടക്കത്തിൽ തന്നെ റൺസ് നേടാൻ കഴിയുന്ന ഒരാളെ ടീമിന് ആവശ്യമായിരുന്നു. കൂടാതെ മധ്യനിരയിൽ അടിത്തറയും വേണ്ടിയിരുന്നു. സഞ്ജു അത് മനസിലാക്കുകയും അതിനോട് പൂർണമായും യോജിക്കുകയും ചെയ്തു', എന്നും ഗംഭീര്‍ പറഞ്ഞു.