vaibhav-sanju
  • വൈഭവ് ടീമിലെത്തുമ്പോൾ സഞ്ജു സാംസണല്ല പകരം തിലക് വർമ്മയോ ശിവം ദുബെയോ ആയിരിക്കും പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്താകുക എന്ന് കൈഫ് വ്യക്തമാക്കി.

അടുത്ത ആറുമാസത്തിനുള്ളിൽ വൈഭവ് സൂര്യവംശി ഇന്ത്യന്‍ ട്വന്‍റി 20 ടീമിന്‍റെ ആദ്യ ചോയ്സാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. എന്നാല്‍ വൈഭവ് ടീമിലെത്തുന്നതോടെ സഞ്ജുവിനല്ല മറിച്ച മറ്റു താരങ്ങള്‍ക്കാണ് ഭീഷണിയെന്നാണ് കൈഫ് പറഞ്ഞുവെയ്ക്കുന്നത്. വൈഭവിന്‍റെ അരങ്ങേറ്റത്തിനു ശേഷം ടീമില്‍ സഞ്ജുവോ വൈഭവോ എന്ന ചര്‍ച്ചകളുണ്ട്. 

വൈഭവ് ടീമിലേക്ക് എത്തിയാല്‍ സ്ഥാനം പോകുന്നത് തിലക് വർമ്മയ്ക്കോ ശിവം ദുബെയ്ക്കോ ആയേക്കാം എന്നാണ് കൈഫ് പറഞ്ഞുവെയ്ക്കുന്നത്. 'തിലക് വൈസ് ക്യാപ്റ്റനാണെന്ന് എനിക്കറിയാം. എന്നാൽ ഇതിനുമുൻപും വൈസ് ക്യാപ്റ്റൻമാരെ ഒഴിവാക്കിയിട്ടുണ്ട്. ഞാൻ അങ്ങോട്ടേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല. ശിവം ദുബെ എല്ലാ മത്സരങ്ങളിലും റൺസ് നേടുന്നില്ല, അദ്ദേഹം ഇനിയും സ്വയം തെളിയിക്കേണ്ടതുണ്ട്. ഫീൽഡിംഗും മോശമാണ്. ദുബെ ഒരു ബോളിംഗ് ഓൾറൗണ്ടറല്ല. ഒരു ബാറ്റർ മാത്രമായാണ് കളിക്കുന്നത്. ആറു മാസത്തിന് ശേഷം തിലകോ ദുബെയോ പുറത്താകും. ഒരാളെ ഒഴിവാക്കി പകരം വൈഭവ് കളിക്കും' എന്ന് കൈഫ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

'വൈഭവ് ദുലീപ് ട്രോഫിയില്‍ സ്കോര്‍ ചെയ്തു. വൈഭവ് കളി മെച്ചപ്പെടുത്തുകയാണ്. ദുലീപ് ട്രോഫിയില്‍ പന്തെറിയുക പോലും ചെയ്തു' എന്നും കൈഫ് പറഞ്ഞു. എന്നാല്‍ കൈഫ് പറയുന്നതു പോലെ ദുര്‍ബലമല്ല ടീമില്‍ തിലകിന്‍റെ സ്ഥാനം. ഈ വര്‍ഷം ഇതുവരെ 395 റണ്‍സാണ് തിലക് വര്‍മ േനടിയത്. 35.91 ശരാശരിയില്‍ 154.90 ആണ് തിലകിന്‍റെ സ്ട്രൈക്ക് റേറ്റ്. ശിവം ദുബെയുടെ കാര്യത്തിലും കണക്കുകള്‍ ഇങ്ങനെയാണ്. ഈ വര്‍ഷം 415 റണ്‍സാണ് ദുബെ നേടിയത്. കൂടാതെ ട്വന്‍റി20 ലോകകപ്പിൽ 235 റൺസും നേടിയിട്ടുണ്ട്. 

2026 ല്‍ ഇതുവരെ കളിച്ച ആറു ട്വന്‍റി 20യില്‍ 193 റണ്‍സാണ് വൈഭവ് നേടിയത്. 32.17 ശരാശരിയില്‍ 189.22 ആണ് വൈഭവിന്‍റെ സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍‌ 776 റണ്‍സാണ് വൈഭവ് നേടിയത്. 

ENGLISH SUMMARY:

Former Indian cricketer Mohammad Kaif has predicted that young sensation Vaibhav Suryavanshi will secure a permanent spot in India's T20 squad within the next six months. He clarified that Vaibhav's entry into the team would pose a threat to players like Tilak Varma or Shivam Dube rather than wicketkeeper-batsman Sanju Samson. Kaif highlighted Vaibhav's impressive performances in the Duleep Trophy and domestic circuits to back his assessment. However, cricket experts note that Tilak Varma and Shivam Dube also boast strong statistical records in recent international fixtures.