ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് മല്‍സരങ്ങളില്‍ വിജയികള്‍ക്ക് മെഡല്‍ സമ്മാനിക്കുക ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ ഗെയിംസ് വേദിയായതിനാല്‍ നഖ്‍വിയാണ് സമ്മാനം നല്‍കുന്നതെങ്കിലും ഇന്ത്യന്‍ ടീമിന് സമ്മാനം വാങ്ങാതെ മാറി നില്‍ക്കാന്‍ സാധിക്കില്ല. ജപ്പാന്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് ക്രിക്കറ്റില്‍ മെഡല്‍ സാധ്യതയുണ്ട്.
Also Read: 'ഡേയ്...ട്രോഫിക്കള്ളാ'; നഖ്വിയെ വിടാതെ ഇന്ത്യന്‍ ആരാധകര്‍; പിന്തുണച്ച് പാക് ആരാധകരും
പാക്ക് ആഭ്യന്തര മന്ത്രികൂടിയായ നഖ്‍വിയില്‍ നിന്നും ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യന്‍ പുരുഷ– വനിതാ ടീമുകള്‍ ട്രോഫി വാങ്ങാതെ മാറി നിന്നിരുന്നു. നഖ്‍വിയെ സമ്മാനദാനത്തിന് തിരഞ്ഞെടുക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് സമ്മാനം വാങ്ങാതെ മാറി നില്‍ക്കാനാകില്ലെന്നാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വൃത്തങ്ങള്‍ പറയുന്നത്.
'ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയോട് നഖ്‌വിയെ നാമനിർദ്ദേശം ചെയ്യരുതെന്ന് ഇന്ത്യക്ക് ആവശ്യപ്പെടാനാവില്ല. ഇത് ഏഷ്യൻ ഗെയിംസാണ്. ഐസിസിയുടെ മല്‍സരമല്ല. ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനോ ബിസിസിഐയ്ക്കോ ഒളിംപിക്സ് കൗണ്‍സില്‍ ഓഫ് ഏഷ്യയ്ക്ക് മുന്നില്‍ അത്തരമൊരു അഭ്യർത്ഥന വെക്കാനാകില്ല. ഒരു വ്യക്തിയെ ഒഴിവാക്കാന്‍ ആവശ്യപ്പെടാനോ കഴിയില്ല' എന്ന് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ വൃത്തങ്ങള്‍ പറഞ്ഞതായി ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
Also Read: 'ഇനി തുടരാനില്ല'; ബിസിസിഐയെ അറിയിച്ച് അഗാര്‍ക്കര്‍
ഒളിംപിക്സ് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ നിയമ പ്രകാരം, പ്രസിഡന്‍റായ ഖത്തറില്‍ നിന്നുള്ള ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനിയാണ് മെഡലുകൾ സമ്മാനിക്കുക. രാജ്യന്തര ഫെഡറേഷനുകളുടെയോ ഏഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റിനെ സമ്മാനദാനത്തിന് ചുമതലപ്പെടുത്താനും പ്രസിഡന്‍റിന് കഴിയും. പ്രസിഡന്‍റ് ചുമതലപ്പെടുത്തുന്നൊരാളില്‍ നിന്നും മെഡല്‍ വാങ്ങിയില്ലെങ്കില്‍ അത് അനാദരവായി കണക്കാക്കും.
'ഒസിഎ പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി, നഖ്‌വിയ്ക്ക് ഔദ്യോഗികമായി ചുമതല നൽകുകയാണെങ്കിൽ ഇന്ത്യൻ ടീം മെഡലുകൾ സ്വീകരിക്കേണ്ടി വരും. അല്ലെങ്കിൽ അത് ഗെയിംസിനോടും ഒസിഎയോടും അംഗീകൃത പ്രതിനിധിയോടുമുള്ള അനാദരവായി കണക്കാക്കപ്പെടും. അച്ചടക്ക നടപടിയുണ്ടാകും' എന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇക്കാര്യം ഉന്നയിച്ചപ്പോള്‍ ആദ്യം മല്‍സരം നടക്കട്ടെ എന്നാണ് ബിസിസിഐ സെക്രട്ടറി ദേവ്‍ജിത് സൈകിയ പറഞ്ഞത്. 'ഞങ്ങള്‍ മല്‍സരത്തിലാണ് ശ്രദ്ധിക്കുന്നത്. ടീമുകള്‍ ആദ്യം പോഡിയത്തിലേക്ക് എത്തട്ടെ. ആ സമയത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അപ്പോള്‍ തീരുമാനമെടുക്കാം. ബോര്‍ഡിന്‍റെയും താരങ്ങളുടെയും ശ്രദ്ധ മല്‍സരം വിജയിക്കുന്നതിലാണ്. സംഭവിക്കാത്ത കാര്യത്തില്‍ അഭിപ്രായം പറയാനില്ല' എന്നും അദ്ദേഹം പറഞ്ഞു.