• ഏഷ്യാക്കപ്പ് ഫൈനല്‍ പുരോഗമിക്കുന്നതിനിടെ സാക്കിയ നഖ്​വിയുമായി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്നാല്‍ അവശ്യകാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും ഇതില്‍ അസ്വാഭാവികത ഇല്ലെന്നും രാജീവ് ശുക്ല

ഏഷ്യാക്കപ്പ് ചാംപ്യന്‍മാരായെങ്കിലും ട്രോഫി ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ വനിതകള്‍ വിസമ്മതിച്ചിരുന്നു. ഫൈനലില്‍ ശ്രീലങ്കയെ 72 റണ്‍സിന് പരാജയപ്പെടുത്തിയ ഇന്ത്യ എസിസി–പിസിബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്​വിയില്‍ നിന്നും ട്രോഫി വാങ്ങാന്‍ വിസമ്മതിക്കുകയും ട്രോഫിയില്ലാതെ വിജയാഘോഷം നടത്തുകയുമായിരുന്നു.  ട്രോഫി ഏറ്റുവാങ്ങാനായി ഗ്രൗണ്ടിലേക്ക് എത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ , നഖ്​വിയെ കണ്ടതും മടങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗ്രൗണ്ടില്‍ ഭാവഭേദങ്ങളൊന്നുമില്ലാതെ നില്‍ക്കുന്ന നഖ്​വിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.  Also Read: നഖ്‌വിയെ വീണ്ടും 'ബഹിഷ്കരിച്ച് ഇന്ത്യ'; ഏഷ്യാക്കപ്പ് ട്രോഫിയില്ലാതെ മടക്കം

ബോര്‍ഡിന്‍റെ തീരുമാനമാണ് വനിതാ താരങ്ങള്‍ നടപ്പിലാക്കിയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയും വ്യക്തമാക്കിയിരുന്നു. 'നഖ്​വിയാണ് വരുന്നതെങ്കില്‍ ട്രോഫി വാങ്ങില്ലെന്ന് ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നു. അത് കൂട്ടായി സ്വീകരിച്ച തീരുമാനമാണ്. നഖ്​വിയും വിവരമറിഞ്ഞ് ഒരക്ഷരം മിണ്ടിയില്ല. നഖ്​വി വന്നു, വന്നപോലെ മടങ്ങി'- രാജീവ് ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. 'ബിസിസിഐ നിലപാട് എസിസിയോട് വ്യക്തമാക്കിയതാണ്. അത്തരം സാഹചര്യമാണെങ്കില്‍ ഇന്ത്യ സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു'- എന്നായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത് സാക്കിയയുടെ പ്രതികരണം. 

അതിനിടെ ഏഷ്യാക്കപ്പ് ഫൈനല്‍ പുരോഗമിക്കുന്നതിനിടെ സാക്കിയ നഖ്​വിയുമായി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്നാല്‍ അവശ്യകാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും ഇതില്‍ അസ്വാഭാവികത ഇല്ലെന്നും രാജീവ് ശുക്ല വിശദീകരിച്ചു. 'നിങ്ങളൊരു പ്രഫഷനല്‍ വേദിയില്‍ നില്‍ക്കുമ്പോള്‍ അത്തരത്തില്‍ പെരുമാറേണ്ടതായി വരും. അതില്‍ വിമര്‍ശനത്തിന്‍റെ ആവശ്യമില്ല'- അദ്ദേഹം പറഞ്ഞു. 

കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു. 'നമ്മള്‍ ഏഷ്യാക്കപ്പ് ചാംപ്യന്‍മാരായിരിക്കുന്നു. നമ്മുടെ വനിതകള്‍ ഒരിക്കല്‍ കൂടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. ഇത് ഭാവിയിലും നമ്മള്‍ തുടരും. ഇനി ജപ്പാനിലേക്കാണ് ഇന്ത്യയുടെ യാത്ര. അവിടെയും ജയിച്ച് വരുമെന്ന ആത്മവിശ്വാസമുണ്ട്'- രാജീവ് ശുക്ല പ്രതീക്ഷ പ്രകടിപ്പിച്ചു. 

നഖ്​വിയെ ബഹിഷ്കരിക്കുന്നതെന്തിന്? കാരണമിതാ: പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പിന്നാലെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിയും നല്‍കി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന പാക്കിസ്ഥാനുമായി ഒരുതരത്തിലുള്ള സൗഹൃദത്തിനും താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുടെ പുരുഷ/വനിതാ ക്രിക്കറ്റ് ടീമുകള്‍ പാക്കിസ്ഥാനുമായുള്ള മല്‍സരങ്ങളില്‍ ഹസ്തദാനവും, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്സിന്‍ നഖ്​വിയെ ബഹിഷ്കരിക്കാനും തുടങ്ങിയത്. 2025 ലെ പുരുഷന്‍മാരുടെ ഏഷ്യാക്കപ്പിലും കിരീട ജേതാക്കളായ ഇന്ത്യന്‍ ടീം നഖ്​വിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചിരുന്നു. പിന്നാലെ കടുത്ത പ്രതിഷേധം നഖ്​വി ഉയര്‍ത്തിയെങ്കിലും ബിസിസിഐയോ ഇന്ത്യന്‍ ടീമോ വഴങ്ങിയില്ല. ട്രോഫി ഇപ്പോഴും നഖ്​വിയുടെ പക്കലാണുള്ളത്. 

ENGLISH SUMMARY:

The Indian women's cricket team declined to accept the Asia Cup trophy from ACC and PCB Chairman Mohsin Naqvi following their 72-run final victory over Sri Lanka. BCCI Vice President Rajeev Shukla confirmed this boycott was a collective decision adopted by the board in response to cross-border terrorism linked to the Pahalgam attack. This action mirrors the protocol established by the Indian men's cricket team during their 2025 Asia Cup victory under similar security concerns. Shukla noted that Naqvi was informed of the stance beforehand and left the ceremony without making any further arguments. BCCI Secretary Devajit Saikia had formally communicated India's decision to the Asian Cricket Council prior to the post-match presentation. Shukla also defended minor administrative interactions with Naqvi as standard professional protocol while expressing strong confidence for Team India's upcoming matches in Japan.