duleep-trophy-eastzone

TOPICS COVERED

ദുലീപ് ട്രോഫി കിഴക്കന്‍ മേഖലയ്ക്ക്. ചെന്നൈ ചെപ്പോക്ക് ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ സമനിലയില്‍ അവസാനിച്ചെങ്കിലും ദക്ഷിണമേഖലയ്ക്കെതിരെ നേടിയ ഒന്നാമിന്നിങ്സ് ലീഡിന്‍റെ അടിസ്ഥാനത്തിലാണ് കിഴക്കന്‍ മേഖല കിരീടം നേടിയത്. ഫൈനലിന്‍റെ അഞ്ചാംദിവസം കിഴക്കന്‍ മേഖല ഏഴുവിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സെടുത്തു. മുഹമ്മദ് കൗനയന്‍ ഖുറൈശി സെ​ഞ്ചുറി നേടി. അങ്കുല്‍ റോയി അര്‍ധസെഞ്ചുറി നേടി. കിഴക്കന്‍ മേഖല ആദ്യ ഇന്നിങ്സില്‍ 708 റണ്‍സ് നേടി. ദക്ഷിണമേഖല ഒന്നാമിന്നിങ്സില്‍ 336 റണ്‍സിന് പുറത്തായിരുന്നു.

ഇഷാന്‍ കിഷന്‍റെ ഇരട്ട സെഞ്ചറിയിലാണ് കിഴക്കന്‍ മേഖല ആദ്യ ഇന്നിങ്സില്‍ 708 റണ്‍സെടുത്തത്. കുമാർ കുശാഗ്ര 101 റൺസും ശിഖർ മോഹന്റെ 85 റൺസും നേടി. ഓപ്പണർമാരായ അഭിമന്യു ഈശ്വരനും വൈഭവ് സൂര്യവംശിയും തുടക്കത്തില്‍ 100 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.  അഭിമന്യു 72 റൺസും വൈഭവ് 44 റൺസും നേടി. 

വലിയ റണ്‍സ് ചെയ്സ് ചെയ്ത ദക്ഷിണമേഖല 336 റണ്‍സിലൊതുങ്ങി. സെഞ്ചറിക്ക് തൊട്ടരികെ പുറത്തായ ക്യാപ്റ്റന്‍ തിലക് വര്‍മ (211 പന്തില്‍ 99) ആണ് ടീമിന് നാണക്കേട് ഒഴിവാക്കിയത്. ദേവ്‍ദത്ത് പടിക്കല്‍ 62 റണ്‍സ് നേടി. ഒന്നാം ഇന്ന്ങിസിലെ കനത്ത ലീഡോടെ കിഴക്കന്‍ മേഖല മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു.  

രണ്ടാം ഇന്നിങ്സ് ബാറ്റിങിനിറങ്ങിയ കിഴക്കന്‍ മേഖല ഏഴു വിക്കറ്റ് നഷ്ടത്തില്‍ 388 ന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.  മുഹമ്മദ് കൗനയന്‍ ഖുറൈശി 190 പന്തിൽ നിന്ന് 116 റൺസ് നേടി. രണ്ടാം ഇന്നിങ്സില്‍ 80 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. രണ്ട് ഇന്നിങ്സിലമായി 1000 ത്തിന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ കിഴക്കന്‍ മേഖലയ്ക്കായി. ഇഷാന്‍ കിഷനാണ് മല്‍സരത്തിലെ താരം. തിലക് വര്‍മ പരമ്പരയിലെ താരമായി. 14 വര്‍ഷത്തിനു ശേഷമാണ് കിഴക്കന്‍ മേഖല ദുലീപ് ട്രോഫിയില്‍ കിരീടം നേടുന്നത്. 2012-13 സീസണിലെ അവസാന ദുലീപ് ട്രോഫി നേടിയതും ഇതേ മൈതാനത്തായിരുന്നു. 

ENGLISH SUMMARY:

East Zone clinched the Duleep Trophy title against South Zone based on a massive first-innings lead after the final match ended in a draw at the MA Chidambaram Stadium in Chennai. Driven by Ishan Kishan's brilliant double century, East Zone posted a monumental first-innings total of 708 runs and subsequently restricted South Zone to 336 despite a valiant 99 from skipper Tilak Varma. In their second innings, East Zone declared at 388 for 7, featuring a fine century by Mohammad Kaunain Quraishi (116) and an 80-run knock from Ishan Kishan. This historic victory marks East Zone's first Duleep Trophy title in 14 years, with Ishan Kishan named Player of the Match and Tilak Varma earning Player of the Series honors.