Image: instagram.com/sherepunjabt20/

ആഭ്യന്തര ടൂർണമെന്‍റായ ഷേർ-ഇ-പഞ്ചാബ് ട്വന്റി-20 കപ്പിൽ ഇന്ത്യൻ പേസർ അർഷ്ദീപ് സിങിന്‍റെ നിരാശാജനകമായ പ്രകടനത്തില്‍ വന്‍ വിമര്‍ശനം. ലുധിയാന ലയൺസിനെ നയിച്ച അർഷ്ദീപ്, ഫസിൽക്ക ഫാൽക്കൺസിനെതിരായ മത്സരത്തിൽ നാല് ഓവറിൽ വിക്കറ്റൊന്നും നേടാനാകാതെ 51 റൺസാണ് വിട്ടുകൊടുത്തത്. മത്സരം ശുഭ്മൻ ഗിൽ ഉൾപ്പെട്ട ഫാൽക്കൺസ് ഒരു റൺസിനു വിജയിക്കുകയും ചെയ്തു.

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ലുധിയാന ലയൺസിന് വേണ്ടി ലെഗ് സ്പിന്നർ കാർത്തിക് ചദ്ദ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. 4 ഓവറിൽ 9 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ കാർത്തിക്, 21 പന്തിൽ 40 റൺസെടുത്ത ഫാൽക്കൺസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെ വിക്കറ്റടക്കം വീഴ്ത്തി‌. ഒരു ഘട്ടത്തിൽ 112/7 എന്ന നിലയിൽ തകർച്ചയിലായ ഫാൽക്കൺസ്, അവസാന ഓവറുകളിൽ അർഷ്ദീപിന്‍റെ ‘സഹായത്തിലാണ്’ 170ല്‍ എത്തുന്നത്. 

അർഷ്ദീപ് ആദ്യ ഓവറിൽ രണ്ടു ബൗണ്ടറി സഹിതം 8 റൺസാണ് വഴങ്ങിയത്. മൂന്നാം ഓവറിൽ 16 റൺസ്, 17–ാം ഓവറിൽ 10 റൺസ്, 19–ാം ഓവറിൽ 18 റൺസ് എന്നിങ്ങനെയാണ് വിട്ടുകൊടുത്തത്. 9 ഫോറും ഒരു സിക്സും ഉള്‍പ്പെടയാണിത്. ഒടുവിൽ പ്രേരിത് ദത്ത (23 പന്തിൽ 36), ജയ്വീർ ഭിന്ദർ (18 പന്തിൽ 21) എന്നിവരുടെ ബാറ്റിങ് കരുത്തിൽ ഫാൽക്കൺസ് 170/9 എന്ന സ്കോറിലെത്തി. ലയൺസ് ടീമിന് വേണ്ടി ആറു താരങ്ങൾ പന്തെറിഞ്ഞെങ്കിലും ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത് രാജ്യാന്തര താരമായ അർഷ്ദീപ് സിങ്ങാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ ലുധിയാന ലയൺസിന് 10 ഓവർ പിന്നിട്ടപ്പോൾ 77 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായി. ബോളിങ്ങിലെ വീഴ്ച ബാറ്റിങ്ങിൽ പരിഹരിക്കാനായി എട്ടാം നമ്പറിലിറങ്ങിയ അർഷ്ദീപ് സിങിന് 9 പന്തിൽ 8 റൺസ് മാത്രമാണ് നേടാനായത്. അവസാന ഘട്ടത്തിൽ മാധവ് സിങ് പഥാനിയയുടെ (37*) പോരാട്ടത്തിൽ തുടർച്ചയായി ബൗണ്ടറികൾ അടിച്ചതോടെ ലക്ഷ്യം അവസാന പന്തിൽ ആറു റൺസായി ചുരുങ്ങി. അവസാന പന്തിൽ ഫോർ നേടാനേ താരത്തിന് കഴിഞ്ഞുള്ളൂ. ഇതോടെ ഒരു റണ്ണിന്‍റെ ആവേശകരമായ വിജയം ഫസിൽക്ക ഫാൽക്കൺസ് സ്വന്തമാക്കി.

ഇന്ത്യൻ ദേശീയ ടീമിലെ മുൻനിര ബൗളറായ അർഷ്ദീപ് ആഭ്യന്തര ലീഗിൽ ഇത്തരത്തിൽ റൺസ് വഴങ്ങിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകർ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. മത്സരത്തിർ ‘അർധസെഞ്ചറി’ നേടിയ ഏകതാരമാണ് അർഷ്ദീപ് സിങ് എന്നാണ് പരിഹാസം. ദിവസവും 10 റീൽ എടുക്കുകയും കാമുകിയായി ചുറ്റിക്കറങ്ങുകയും ചെയ്യുന്ന അർഷ്ദീപ്, നന്നായി ക്രിക്കറ്റ് കളിക്കുന്നത് ഒഴികെ ബാക്കിയെല്ലാം ചെയ്യുന്നുണ്ട് എന്ന തരത്തിലും വിമർശനമുണ്ട്.

അടുത്തിടെ അർഷ്ദീപും മോഡലും നടിയുമായ സമ്രീൻ കൗറും തങ്ങൾ പ്രണയത്തിലാണെന്ന് ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇരുവരും മാച്ചിങ് ടാറ്റൂ ചെയ്തതും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു. പിന്നാലെയാണ് ദയനീയ പ്രകടനത്തിന് അർഷ്ദീപ് വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

ENGLISH SUMMARY:

Indian pacer Arshdeep Singh faced severe criticism from fans following a disappointing performance in the Sher-i-Punjab T20 Cup. Captaining Ludhiana Lions, Arshdeep conceded 51 runs without taking a single wicket in his four overs against Fazilka Falcons, who were led by Shubman Gill. His expensive spell allowed Fazilka Falcons to recover from a batting collapse and set a competitive target of 170 runs, eventually winning the match by a tight margin of just one run. Social media users heavily trolled the bowler, attributing his poor on-field form to his personal life and active presence on social platforms.