ഏഷ്യന്‍ ഗെയിംസിന് പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ താമസസൗകര്യം പ്രതിസന്ധിയില്‍. ഇന്ത്യന്‍ താരങ്ങള്‍ക്കൊരുക്കിയ താമസസൗകര്യം പരിശോധിക്കാന്‍ ബിസിസിഐ സംഘം ജപ്പാനിലേക്ക് നേരിട്ടെത്തും. പ്രത്യേക താമസ സൗകര്യം ഒരുക്കി നല്‍കാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍റെ നിലപാട്. ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേകം താമസസൗകര്യം വേണമെങ്കില്‍ ബിസിസിഐ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്ന് ഒളിംപിക്സ് അസോസിയേഷന്‍ വ്യക്തമാക്കി. ജപ്പാനിലെ ഐച്ചി നഗോയയിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.
ഇന്ത്യന്‍ പുരുഷ ടീമിന് ത്രീസ്റ്റാർ സൗകര്യമുള്ള 'എപിഎ ഹോട്ടൽ നഗോയ എക്കിമേ'യും വനിതാ ടീമിന് ഫോർസ്റ്റാർ സൗകര്യമുള്ള 'മേയ്തെത്സു ഗ്രാൻഡ് ഹോട്ടലു'മാണ് അനുവദിച്ചിട്ടുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സാധാരണയായി ഫൈവ് സ്റ്റാർ സൗകര്യങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഒരു മുറി രണ്ടുപേർ വീതം പങ്കിടണം (ട്വിൻ-ഷെയറിംഗ്) എന്നതാണ് സംഘടാകര്‍ മുന്നോട്ടുവച്ച വ്യവസ്ഥ. ഏഷ്യന്‍ ഗെയിംസിന്‍റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ബിസിസിഐ സംഘം ജപ്പാനിലേക്ക് പോകുന്നുണ്ട്. ഹോട്ടലുകളും ക്രിക്കറ്റ് സ്റ്റേഡിയങ്ങളും മറ്റു സൗകര്യങ്ങളും ബിസിസിഐ പരിശോധിക്കും. ഇതിനു ശേഷമാകും അന്തിമ തീരുമാനം.
ക്രിക്കറ്റ് താരങ്ങള്‍ക്കായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സംഘാടകരോട് പ്രത്യേക താമസ ക്രമീകരണം ആവശ്യപ്പെടില്ല. ബിസിസിഐയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം താമസസൗകര്യങ്ങള്‍ ഒരുക്കാമെന്ന് ഒളിംപിക്സ് അസോസിയേഷന്‍ സിഇഒ രഘുറാം അയ്യര്‍ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. പുറത്ത് താമസ സൗകര്യം ക്രമീകരിക്കുമ്പോള്‍ ഭക്ഷണവും യാത്ര സൗകര്യങ്ങളും ബിസിസിഐ ക്രമീകരിക്കണമെന്നും ഐഒഎ വ്യക്തമാക്കി. എല്ലാ കായിക താരങ്ങള്‍ക്കും ഒളിംപിക്സ് അസോസിയേഷന്‍ തുല്യ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗെയിംസ് നഗരം ഇതിനോടകം തന്നെ താമസ സൗകര്യങ്ങളില്‍ ബുദ്ധിമുട്ടുന്നുണ്ട്. അത്‍ലറ്റുകളും പരിശീലകരുമായി 15,000 പേരെയാണ് ആതിഥേയര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 17,000 ആയി ഉയര്‍ന്നു. മൊബൈല്‍ താമസ സൗകര്യങ്ങളൊരുക്കിയും ക്രൂയിസ് ഷിപ്പില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിയും മറികടക്കാനാണ് ജപ്പാന്‍റെ ശ്രമം. അതിനാല്‍ മറ്റൊരു താമസ സൗകര്യമൊരുക്കുക ബിസിസിഐയെ സംബന്ധിച്ച് വെല്ലുവിളിയാകും.
സെപ്റ്റംബർ 18-ന് ക്വാട്ടർ ഫൈനലോടെയാണ് ഇന്ത്യന്‍ വനിതാ ടീമിന്‍റെ ഏഷ്യൻ ഗെയിംസ് മല്‍സരങ്ങൾ തുടങ്ങുന്നത്. സെപ്റ്റംബർ 22-ന് ടൂർണമെന്റ് അവസാനിക്കും. പുരുഷ ടീം സെപ്റ്റംബർ 21-നാണ് ജപ്പാനിലേക്ക് പുറപ്പെടുക. നേരിട്ട് ക്വാട്ടർ ഫൈനൽ ഘട്ടത്തിലെത്തിയ ടീമിന് സെപ്റ്റംബർ 28 മുതലാണ് മല്‍സരം. ഒക്ടോബർ നാലിനാണ് ടീം മടക്ക യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.