• 55 റൺസിന് ഓൾഔട്ടായ മത്സരത്തിൽ 12 റൺസെടുത്ത ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമയെ പുറത്താക്കിയ ശേഷം ഡ്രസിങ് റൂമിലേക്ക് പോകാൻ ആക്ഷൻ കാണിച്ച പാക്ക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കെതിരെ രൂക്ഷവിമർശനം.

ഇന്ത്യയ്ക്കെതിരെ നാണംകെട്ട പ്രകടനത്തിനിടയിലും 'ആറ്റിറ്റ്യ‍ൂഡ്' വിടാതെ പാക്ക് ക്യാപ്റ്റന്‍ ഫാത്തിമ സന. ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മയെ പുറത്താക്കിയ ശേഷം പവലിയനിലേക്ക് കയറി പോകാനായിരുന്നു ഫാത്തിമ സനയുടെ ആക്ഷന്‍. ഇന്ത്യയ്ക്കെതിരെ 55 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഓള്‍ഔട്ടായത്. മല്‍സരത്തില്‍ ഏഴു വിക്കറ്റിന് ഇന്ത്യ ജയിച്ചു. 

ഇന്നിങ്സിലെ ആദ്യ പന്തില്‍ സിക്സടിച്ചാണ് ഷെഫാലി വര്‍മ തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ ഫാത്തിമ സന ഇന്ത്യന്‍ ഓപ്പണര്‍മാരെ പുറത്താക്കി. സനയുടെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഫോറടിച്ച ഷെഫാലി തൊട്ടടുത്ത പന്തില്‍ പുറത്തായി. എഡ്ജ് ചെയ്ത് ഉയര്‍ന്നു പൊങ്ങിയ പന്ത് ബൗള്‍ ചെയ്ത സന തന്നെ കയ്യിലൊതുക്കി. 12 റണ്‍സെടുത്ത ഷെഫാലിയുടെ വിക്കറ്റിന് ശേഷം പവലിയനിലേക്ക് വഴി കാണിച്ച് സന ഗംഭീര സൈന്‍ ഓഫും നല്‍കി. എന്നാൽ ഇത് ഗൗനിക്കാതെയാണ് ഷെഫാലി ഡ്രസിങ് റൂമിലേക്കു മടങ്ങിയത്. 

സനയുടെ പെരുമാറ്റത്തിന് വലിയ വിമര്‍ശനമാണ് ഉയരുന്നത്. മല്‍സരത്തിനിടെ കമന്റേറ്റര്‍ വിവേക് റസ്ദാൻ ഫാത്തിമ സനയെ വിമര്‍ശിച്ചു. 'നിങ്ങൾ അവർക്ക് പവിലിയനിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയാണ്. നിങ്ങളുടെ ടീം ആകെ നേടിയത് വെറും 55 റൺസ് മാത്രമാണെന്ന് ഓര്‍ക്കണം. എന്നിട്ടാണ് ഷെഫാലിയെ കളിയാക്കി മടക്കി അയക്കുന്നത്' എന്നാണ് അദ്ദേഹം പറഞ്ഞത്. ആറു പന്തില്‍ 12 റണ്‍സാണ് ഷെഫാലി നേടിയത്. ഒരു സിക്സും ഒരു ഫോറുമാണ് ഷെഫാലി മല്‍സരത്തില്‍ നേടിയത്. 

അതേസമയം, വനിതാ ട്വന്‍റി 20യില്‍ വേഗത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന താരമായി ഷെഫാലി മാറി. 22 വയസും 220 ദിവസവുമാണ് ഷെഫാലിയുടെ പ്രായം. 2182 പന്തില്‍ നിന്നാണ് ഈ നേട്ടം. പാക്കിസ്ഥാനെതിരെ വീണ ഇന്ത്യയുടെ മൂന്നു വിക്കറ്റും നേടിയത് സനയായിരുന്നു. രണ്ടാം ഓവറില്‍ ഷെഫാലിയുടെ വിക്കറ്റെടു കൂടാതെ പ്രതിക റവാലിന്‍റെ വിക്കറ്റും സന നേടി. സ്മൃതി മന്ദാനയെയും മടക്കിയതും പാക്ക് നായികയായിരുന്നു. 

ENGLISH SUMMARY:

Pakistan women's cricket team captain Fatima Sana faced severe criticism for her aggressive send-off to Indian opener Shefali Verma during their Women's T20 Asia Cup clash. After dismissing Shefali, who scored 12 runs off 6 balls, Fatima motioned for her to walk back to the pavilion despite Pakistan having been bowled out for a paltry 55 runs. On-air commentator Vivek Razdan slammed the Pakistani skipper's attitude, pointing out the irony of such a send-off when her team set an easily achievable target. Meanwhile, Shefali Verma etched her name in the history books by becoming the fastest player to complete 3,000 runs in women's T20 internationals at just 22 years of age.