ഇര്‍ഫാന്‍ പത്താനുമായുള്ള ബന്ധം പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം വസിം അക്രം. തുടക്കകാലത്ത് ഇര്‍ഫാന്‍ പത്താനെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പാക്കിസ്ഥാനെതിരെ നിരന്തരം ട്വീറ്റ് ചെയ്യുകയാണെന്നും വസിം അക്രം പറഞ്ഞു. വസിം അക്രത്തിന്‍റേതിന് സമാനമായ പത്താന്‍റെ ബൗളിങ് ആക്ഷന്‍ അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു.
പത്താനെ ആദ്യമായി പരിചയപ്പെട്ടതും സംസാരിച്ചതുമായ കാര്യങ്ങള്‍ അക്രം ഓര്‍മിച്ചു. '2004 ലെ ആദ്യ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് ഇര്‍ഫാന്‍ പത്താനെ കാണുന്നത്. അന്ന് കമന്‍റേറ്ററായിരുന്നു. അവൻ വലിയ ആരാധകനായിരുന്നു. അവന് ചില ടിപ്പുകൾ നൽകി. തുടക്കം മുതലേ അവന്റെ ആക്ഷൻ എന്റേതിന് സമാനമായിരുന്നു' അക്രമം ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു. എന്നാല്‍ പത്താന്‍ ഇപ്പോള്‍ പാക്കിസ്ഥാനെതിരെ നിരന്തരം ട്വീറ്റ് ചെയ്യുകയാണെന്നും അക്രം പറയുന്നുണ്ട്. 'അദ്ദേഹം പാകിസ്ഥാനെതിരെ എന്തെങ്കിലും ട്വീറ്റ് ചെയ്യുന്നത് വേറെ കാര്യം. പക്ഷേ നമ്മുടെ ആരാധകരും തയ്യാറാണ്. അവർ അതൊന്നും കണ്ടില്ലെന്ന് നടിക്കാറില്ല, മറുപടി നൽകും' എന്നും തമാശ രൂപേണം അക്രം കൂട്ടിച്ചേർത്തു.
ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മല്‍സരങ്ങള്‍ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇതിനെ കേവലം ഒരു കായിക മത്സരമായി മാത്രം കാണാൻ ആരാധകർ തയ്യാറാകണമെന്നും ജയപരാജയങ്ങൾ ഉൾക്കൊള്ളാൻ ആരാധകർ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഇതൊരു മത്സരം മാത്രമാണ്, ദിവസാവസാനം ഇതിലൊരാൾ ജയിക്കും, ഒരാൾ തോൽക്കും. അത് കഴിഞ്ഞ് അടുത്ത മത്സരത്തിലേക്ക് കടക്കുകയാണ് വേണ്ടത്. എന്നാൽ പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന കാര്യങ്ങൾ ഇപ്പോഴും ആളുകളുടെ മനസിൽ കിടക്കുകയാണ്. പകയും പ്രതികാരവുമൊക്കെ 1970-കളിലെ ചിന്താഗതികളാണ്' വസീം അക്രം വ്യക്തമാക്കി.