കേരള ക്രിക്കറ്റ് ലീഗിൽ ഇന്ന് കലാശപ്പോര്. രാത്രി 8 മണിക്ക് നടക്കുന്ന ഫൈനലിൽ തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ നേരിടും. 17 ദിവസം നീണ്ടു നിന്ന ക്രിക്കറ്റ് കാർണിവലിന്‍റെ കലാശക്കളിയിൽ ആവേശം അലതല്ലും. ഗായിക സിതാര നയിക്കുന്ന മ്യൂസിക് ഷോയും ഫൈനലിന് മാറ്റുകൂട്ടും.
കേരള ക്രിക്കറ്റിന്‍റെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. ഒരു വശത്ത് തൃശൂർ കൊമ്പന്മാർ മറുവശത്ത് കോഴിക്കോടൻ നക്ഷത്രക്കൂട്ടം. കണക്കുകൾ കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ കരുത്തിൽ ഇരുവരും ഒപ്പത്തിനൊപ്പം. ബാറ്റിംഗ് ആഴമാണ് തൃശ്ശൂരിന്‍റെ കരുത്ത്. മുൻ നിരയിൽ ഇമ്രാനും, റോജറും. മധ്യനിരയിൽ ക്യാപ്റ്റൻ അഖിൽ. വാലറ്റത്തിൽ മുഹമ്മദ് ഇനാനെ പോലുള്ള വെടിക്കെട്ടുകാർ. പതിനൊന്നാമൻ വരെ ബാറ്റ് കൊണ്ട് സംഭാവന ചെയ്യും. അതാണ് സെമിയിൽ ട്രിവാൻഡ്രം റോയൽസിനെതിരെ കണ്ടത്. ശരത് ചന്ദ്രപ്രസാദും, ആനന്ദ് ജോസഫും ചേരുന്ന ബോളിങ് നിരയും സെറ്റ് ആണ്.
ആരെയും തോൽപിക്കാനും ആരോടും തോൽക്കാനും കഴിയുന്ന ടീം. ഗ്ലോബ് സ്റ്റാർസിനെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ നയിക്കുന്ന മുൻ നിര, സൽമാൻ നിസാറും, അബ്ദുൽ ബാസിതും, ദേവനും നയിക്കുന്ന മധ്യനിര - ഡെത്ത് ഓവർ വെടിക്കെട്ടുകാർ. ഇവരിൽ ഒരാൾ തിളങ്ങിയാൽ പോലും കളി മാറിമറിയും.ഹരിസ്‌കൃഷ്ണനും, അഖിനും ഒപ്പം വിഘ്നേഷ് പുത്തൂർ കൂടി ചേരുമ്പോൾ ബോളിങ് യൂണിറ്റും മികച്ചത്. സ്ഥിരത ഇല്ലെന്നതാണ് ടീം നേരിടുന്ന പ്രശ്നം.
ഇവരിൽ ആര് ഇന്ന് ചിരിക്കും...? കാത്തിരുന്നു കാണാം. ഫൈനലിന് മുമ്പ് ആരാധകർക്ക് ആഘോഷിക്കാൻ ഗായിക സിത്താരയുടെ 'പ്രോജക്ട് മലബാറിക്കസ്' അവതരിപ്പിക്കുന്ന മ്യൂസിക് ഷോയും അരങ്ങേറും. വൈകിട്ട് 5: 30നാണ് പരിപാടി