വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിലെത്തി. പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ ക്രിസ് ഗെയ്ൽ ആരാധകർക്ക് ആവേശമായി. പുഷ്പാർച്ചനക്കുശേഷം ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലെ പരിപാടിയിൽ പങ്കെടുത്തെങ്കിലും വലിയ ആൾക്കൂട്ടം ചടങ്ങിന്റെ ക്രമീകരണങ്ങളെ താളം തെറ്റിച്ചു.
പുതുപ്പള്ളി പൈതൃക സാംസ്കാരിക സമിതിയുടെ ലോഗോയും ക്രിസ് ഗെയ്ൽ പ്രകാശനം ചെയ്തു. വെന്നിമലയിൽ രാജ്യാന്തര മൈതാനത്തിനായി പരിഗണിക്കുന്ന സ്ഥലത്തെക്കുറിച്ച് പരിപാടിയില്‍ ചാണ്ടി ഉമ്മൻ എംഎൽഎ വിശദീകരിച്ചു. കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമയായ ക്രിസ് ഗെയ്ൽ ടീമിന്റെ കളികാണാനും പ്രോത്സാഹിപ്പിക്കാനും ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്നു.
ഇന്നലെ കൊച്ചി ബ്ലൂ ടൈഗേഴ്സ്- തൃശൂർ ടൈറ്റൻസ് മത്സരത്തിന്‍റെ കാണികളിലൊരാളായാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍ ക്രിസ് ഗെയ്ല്‍ എത്തിയത്. മല്‍സരത്തിന് ശേഷം ആരാധകർക്കായി ഗെയിൽ ബാറ്റ് വീശുകയും ചെയ്തു. ഗെയിലിന് വേണ്ടി ബോൾ ചെയ്യാൻ ശ്രീശാന്തും ഉണ്ടായിരുന്നു. കേരള ക്രിക്കറ്റ് ലീഗിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം ഗെയിൽ പങ്കുവച്ചു.