Untitled design - 1
  • 2021 ജൂലൈയില്‍ കൊളംബോയിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി ട്വന്‍റി 20 കളിച്ചത്. ഐപിഎല്‍ കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായുള്ള തകര്‍പ്പന്‍ പ്രകടനമാണ് സിലക്ടര്‍മാര്‍ കണക്കിലെടുത്തതെന്നാണ് സൂചന

അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ക്രുനാല്‍ പാണ്ഡ്യ ഇടം പിടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രുനാലിനെ ടീമിലേക്ക് തിരിച്ചു വിളിക്കുന്നത് ബിസിസിഐ സജീവമായി ചര്‍ച്ച ചെയ്യുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021 ജൂലൈയില്‍ കൊളംബോയിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി ട്വന്‍റി 20 കളിച്ചത്. ഐപിഎല്‍ കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായുള്ള തകര്‍പ്പന്‍ പ്രകടനമാണ് സിലക്ടര്‍മാര്‍ കണക്കിലെടുത്തതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

രവീന്ദ്ര ജഡേജ ട്വന്‍റി 20യില്‍ നിന്ന് വിരമിച്ചതോടെ അക്സര്‍ പട്ടേലാണ് ആ സ്ഥാനത്തേക്ക് വന്നതെങ്കിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നിരാശാജനകമായ ഫോം ആശങ്കയുളവാക്കുന്നതാണ്. അതാണ് പകരക്കാരനെ തേടാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ നാലും അയര്‍ലന്‍ഡിനെതിരായ രണ്ടും മല്‍സരങ്ങളിലാല്‍ നിന്നായി ആകെ രണ്ട് വിക്കറ്റ് മാത്രമാണ് അക്സറിന് നേടാനായത്. ഇരു ടീമുകള്‍ക്കുമെതിരായ പരമ്പരയില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. 

മധ്യ ഓവറുകളില്‍ കൃത്യമായി റണ്‍സ് നിയന്ത്രിക്കാനും വാലറ്റത്ത് ഉറച്ച് നിന്ന് ബാറ്റ് ചെയ്യാനും കഴിവുള്ള താരമാണ് ക്രുനാല്‍. ലോകകപ്പ് കൂടി മുന്നില്‍ കണ്ടാണ് സിലക്ഷന്‍ കമ്മിറ്റിയുടെ നീക്കം. അതേസമയം അഞ്ചു വര്‍ഷത്തെ ഇടവേള വലിയ പ്രശ്നം തന്നെയാണെന്ന വസ്തുതയും സിലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുണ്ട്. 2021 ല്‍ ക്രുനാല്‍ കളിച്ചതില്‍ നിന്ന് രാജ്യാന്തര ക്രിക്കറ്റ് ഏറെ ദൂരം മുന്നേറിക്കഴിഞ്ഞു. ഏഷ്യന്‍ ഗെയിംസിന് മുന്‍പ് ഈ സാഹചര്യങ്ങളുമായി ക്രുനാല്‍ പൊരുത്തപ്പെടുമെന്ന് ചിന്തിക്കുന്നത് അല്‍പം കടന്ന കയ്യാണെന്ന അഭിപ്രായവുമുണ്ട്. പക്ഷേ ഐപിഎലിനെ പ്രകടനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് സിലക്ഷന്‍ കമ്മിറ്റി.

2026 സീസണില്‍ 14 വിക്കറ്റും 226 റണ്‍സുമാണ് ക്രുനാല്‍ ആര്‍സിബിക്കായി നേടിയത്. 2018 ല്‍ വിന്‍ഡീസിനെതിരെയായിരുന്നു ട്വന്‍റി 20യില്‍ ക്രുനാലിന്‍റെ അരങ്ങേറ്റം. 19 ട്വന്‍റി 20 മല്‍സരങ്ങളാണ് ഇന്ത്യയ്ക്കായി താരം കളിച്ചത്. 24 വിക്കറ്റും 124 റണ്‍സും നേടിയിട്ടുണ്ട്. ഈ ആഴ്ച ചേരുന്ന സിലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.

ENGLISH SUMMARY:

Indian all-rounder Krunal Pandya is reportedly under consideration for a call-up to the Indian T20I squad for the upcoming series against Afghanistan, potentially ending a five-year exile from the national team. Reports indicate that the BCCI selection committee is considering his return following impressive performances for Royal Challengers Bengaluru (RCB) in the IPL 2026 season. The decision comes amid concerns over Axar Patel's recent dip in form during recent series against England and Ireland. While selectors value Krunal's middle-overs economy and lower-order batting capabilities ahead of upcoming major tournaments, questions remain regarding his adaptability after such a lengthy international hiatus.