Image Credit: X, PTI
ദുലീപ് ട്രോഫി അരങ്ങേറ്റത്തില്‍ ബാറ്റിങില്‍ തിളങ്ങാനാകാത്ത ക്ഷീണം ബോളിങില്‍ തീര്‍ത്ത് വൈഭവ് സൂര്യവംശി. നോര്‍ത്ത് ഈസ്റ്റ് സോണും ഈസ്റ്റ് സോണുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ മൂന്നാം ദിനമായിരുന്നു വൈഭവ് വക സര്‍പ്രൈസ്. നോര്‍ത്ത് ഈസ്റ്റ് സോണിന്‍റെ രണ്ടാം ഇന്നിങ്സിലാണ് വൈഭവിന്‍റെ പ്രഹരം.
28–ാം ഓവറില്‍ പന്തെറിയാനെത്തിയ വൈഭവ് കിഷന്‍ ലിങ്ദോയെ മടക്കി. ഡെനിഷ് ദാസാണ് പിന്നിലേക്കോടി മിഡ് വിക്കറ്റില്‍ ലിങ്ദോയെ കൈപ്പിടിയിലൊതുക്കിയത്. ഇംലിവതി ലെംതുറിന്‍റേതായിരുന്നു അടുത്ത വിക്കറ്റ്. ലോ ക്യാച്ചിലൂടെ ഇഷാനാണ് പിടിച്ചെടുത്തു.
ബാറ്റര്‍ മാത്രമായി വൈഭവിനെ ഒതുക്കേണ്ട, ഒരു ഓള്‍റൗണ്ടറുടെ പിറവിയാണിതെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്‍റുകള്‍ നിറയുകയാണ്. വൈഭവിന്‍റെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സും ഇത് ഏറ്റുപിടിച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജയെ വൈഭവിനൊപ്പം വച്ചുള്ള ചിത്രമിറക്കിയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആഘോഷം. 'ഇതത്ര വലിയ പ്രകടമാണെന്ന് ഞങ്ങള്‍ പറയുന്നില്ല, പക്ഷേ ചില ലക്ഷണങ്ങള്‍ കാണാം' എന്നായിരുന്നു കാപ്ഷന്‍. മൂന്നോവറുകളാണ് വൈഭവ് ആകെ എറിഞ്ഞത്.
ഇതാദ്യമായല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വൈഭവ് പന്തെറിയുന്നത്. അഞ്ച് ഇന്നിങ്സുകളില്‍ മുന്‍പ് പന്തെറിഞ്ഞിട്ടുള്ള താരം 28.50 ശരാശരിയില്‍ രണ്ട് വിക്കറ്റും നേരത്തെ വീഴ്ത്തിയിട്ടുണ്ട്. ഈസ്റ്റ് സോണ്‍ വൈസ് ക്യാപ്റ്റനായ വൈഭവ് ആറ് പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത് പുറത്തായിരുന്നു. ക്യാപ്റ്റന്‍ പുറത്തായെങ്കിലും ഷബാസ് അഹമ്മദിന്‍റെ (167)യും സുദീപ് കുമാര്‍ ഘരാമി (146)യുടെയും തകര്‍പ്പന്‍ പ്രകടനത്തില്‍ ടീം 467 റണ്‍സ് അടിച്ചുകൂട്ടി.