AI Image
ക്രിക്കറ്റ് കളിക്കിടെ പുറത്തായതില്‍ അംപയറെ ബാറ്റ് കൊണ്ട് തല്ലി ഗുരുതര പരുക്കേല്‍പ്പിച്ച ശേഷം നാടുവിട്ട ബാറ്റ്സ്മാന്‍ പിടിയില്‍. 36 വര്‍ഷത്തെ ഒളിവുജീവിതത്തിന് ശേഷമാണ് ഓംപ്രകാശ് ലള്‍ത പാസി (55) പിടിയിലായത്. 1990 ലായിരുന്നു ഓംപ്രകാശ് അംപയറെ തല്ലിച്ചതച്ചത്. വധശ്രമത്തിന് പൊലീസ് കേസെടുത്തതോടെ ഒളിവിലും പോയി.
സംഭവം നടക്കുമ്പോള്‍ പതിനെട്ടുകാരനായിരുന്നു ഓംപ്രകാശ്. കേസിന്‍റെ വിചാരണയ്ക്കിടെ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ അറസ്റ്റ് ഒഴിവാക്കാന്‍ ഓംപ്രകാശ് തന്‍റെ വിലാസവും ഫോണ്‍നമ്പറും മാറ്റിക്കൊണ്ടേയിരുന്നു. പക്ഷേ വെറുതേ വിടാന്‍ പൊലീസ് ഒരുക്കമായിരുന്നില്ല.
താനെയിലെ മീരാ റോഡ് പ്രദേശത്ത് ഒളിച്ച് താമസിക്കുകയായിരുന്നു ഓംപ്രകാശ്. കേസ് പൊടിതട്ടിയെടുത്ത പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. തുടര്‍ന്ന് ഇയാളുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു. പഴുതടച്ച അന്വേഷണത്തിനൊടുവില്‍ പൂനം റെസിഡന്‍സിയില്‍ നിന്ന് ഓംപ്രകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സാധ്യമായ സാങ്കേതിക മാര്‍ഗങ്ങളെല്ലാം ഓംപ്രകാശിനെ കണ്ടെത്താന്‍ ഉപയോഗിച്ചുവെന്നും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമെന്നും ബോറിവലി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.