ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നിലവിലെ അവസ്ഥയില്‍ പേടിയുണ്ടെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രാഹനെ. ഒരുകാലത്ത് ടീമിന്റെ വിജയത്തിന് അടിസ്ഥാനമായിരുന്ന പോരാട്ടവീര്യവും പക്വതയും ടീം തിരികെ കൊണ്ടുവരണമെന്നും രഹാനെ പറഞ്ഞു. രണ്ട് ഹോം സീരിസ് വൈറ്റ് വാഷടക്കം ടെസ്റ്റില്‍ ഇന്ത്യ വലിയ തിരിച്ചടി നേരിടുമ്പോഴാണ് രാഹനെയുടെ ഉപദേശം. സീനിയര്‍– ജൂനിയര്‍ താരങ്ങളുടെ കോമ്പിനേഷനാകണം ടീമെന്നും രാഹനെ പറഞ്ഞു. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ ഈ മാസം ശ്രീലങ്കയ്ക്ക് എതിരെ രണ്ട് ടെസ്റ്റ് കളിക്കുന്നുണ്ട്.
രോഹിത് ശര്‍മയില്‍ കൈപൊള്ളി; ഈ മാസത്തോടെ അഗാര്‍ക്കറിന്‍റെ കസേര തെറിക്കും
യുവ താരങ്ങള്‍ക്കൊപ്പം സീനിയര്‍ താരങ്ങളും ടീമില്‍ വേണമെന്നാണ് രഹാനെ അഭിപ്രായപ്പെട്ടത്. ആറു മാസത്തിനിടെ ആര്‍. അശ്വിന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിങ്ങനെ സീനിയര്‍ താരങ്ങള്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച കാര്യവും രഹാനെ സൂചിപ്പിച്ചു. നിലവിലെ ടീമില്‍ രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമാണ് 50 ലധികം ടെസ്റ്റ് കളിച്ചത്.
ടെസ്റ്റിൽ മികച്ച റിസള്‍ട്ടുണ്ടാക്കാന്‍ 7-8 പരിചയസമ്പന്നരായ കളിക്കാരും 2-3 യുവ പ്രതിഭകളും അടങ്ങിയ കോമ്പിനേഷനാണ് ആവശ്യമെന്നാണ് രാഹനെ പറയുന്നത്.
'ടെസ്റ്റ് ക്രിക്കറ്റ് ആരാധകരാണ് യഥാർത്ഥ ക്രിക്കറ്റ് പ്രേമികൾ. ടെസ്റ്റ് ക്രിക്കറ്റിന് എപ്പോഴും 7-8 സീനിയർ കളിക്കാരും 2-3 യുവതാരങ്ങളും ആവശ്യമാണെന്ന് ഞാൻ കരുതുന്നു. എന്നാൽ ഇപ്പോൾ എല്ലാ കളിക്കാരും പുതിയവരാണ്. സീനിയർ കളിക്കാർ ആരും തന്നെയില്ലെന്ന് പറയാം' രഹാനെ പറഞ്ഞു.
ക്രിക്കറ്റില്ല, റിസര്‍വ് ബാങ്കില്‍ ജോലിക്കെത്തി ഇഷാന്‍ കിഷന്‍; സെല്‍ഫിയെടുക്കാന്‍ ഓഫീസില്‍ തിരക്ക്
ടെസ്റ്റ് ക്രിക്കറ്റിന്‍റെ കാര്യത്തില്‍ ഭയമുണ്ടെന്നും സീനിയര്‍ താരങ്ങളെ ബഹുമാനിക്കണമെന്നും രാഹനെ പറഞ്ഞു. 'ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെല്ലാം ടെസ്റ്റ് ക്രിക്കറ്റ് അതിജീവിക്കണം. സീനിയർ കളിക്കാരെ നിലനിർത്തുകയും ബഹുമാനിക്കുകയും വേണം. കഴിഞ്ഞ 2-3 വര്‍ഷത്തിനിടെ കണ്ടതാണിത്. ഇന്ത്യൻ ടീമിന്റെ കാര്യത്തിൽ എല്ലാ സീനിയർ കളിക്കാരും ഒരേസമയം പുറത്തുപോയതാണ് പ്രശ്നമായത്' എന്നും രഹാനെ പറഞ്ഞു.