കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ ടീമുകളിലായി അണിനിരക്കുന്നത്. കെസിഎല്ലിന് മുന്നോടിയായി നടന്ന എൻഎസ്കെ ട്രോഫിയിലും തിരുവനന്തപുരം ഫൈനലിലെത്തിയിരുന്നു.

മുന്‍വര്‍ഷങ്ങളിലേതുപോലെ കേരള ക്രിക്കറ്റ് ലീഗിലെ എല്ലാ ടീമുകളിലും ശക്തമായ സാന്നിധ്യമാണ് തലസ്ഥാനത്തെ താരങ്ങള്‍. തിരുവനന്തപുരത്തിന്‍റെ ടീമായ ട്രിവാൻഡ്രം റോയൽസില്‍ അഞ്ചുപേര്‍ നാട്ടുകാര്‍ തന്നെ. കൃഷ്ണ പ്രസാദ്, അഭിഷേക് പി നായർ, ഭരത് സൂര്യ, കെ.അജീഷ് , രാഹുൽ ചന്ദ്രൻ എന്നിവരടങ്ങുന്ന ഈ അഞ്ചംഗ സംഘം ടീമിന്റെ നട്ടെല്ലാകുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ തവണ റൺവേട്ടയിൽ മുന്നിലെത്തിയ ആദ്യ രണ്ട് പേരും തിരുവനന്തപുരത്തുനിന്നുള്ളവരാണ്. 479 റൺസുമായി കൃഷ്ണപ്രസാദും 437 റൺസെടുത്ത അഹ്മദ് ഇമ്രാനും. കൃഷ്ണപ്രസാദിനെ തിരുവനന്തപുരവും ഇമ്രാനെ തൃശൂർ ടൈറ്റൻസും നിലനിർത്തി. ഇരുവർക്കും ഏഴരലക്ഷം രൂപ വീതമാണ് ലേലത്തിൽ ലഭിച്ചത്. കൂടാതെ ഷോൺ റോജർ, അഭിഷേക് ജെ നായർ, മാനവ് കൃഷ്ണ, കൃഷ്ണദേവൻ തുടങ്ങി ബാറ്റർമാരുടെ നീണ്ടൊരു നിര തന്നെ തിരുവനന്തപുരത്തിന്റെ അഭിമാനമായി കളത്തിലിറങ്ങുന്നുണ്ട്.

കഴിഞ്ഞ രണ്ട് സീസണിലും ബാറ്റിങ്ങിൽ സ്ഥിരത പുലർത്തിയ അഭിഷേക് ജെ നായർ ഇക്കുറിയും കൊല്ലം സെയിലേഴ്സിനൊപ്പം തന്നെ. യുവതാരങ്ങളായ ഷോൺ റോജറും മാനവ് കൃഷ്ണയും തൃശൂരിനുവേണ്ടി പാഡുകെട്ടും. ദേശീയ അണ്ടർ 19 താരമായ മാനവ് കൃഷ്ണയുടെ ആദ്യ കെസിഎൽ സീസൺ കൂടിയാണിത്. വെടിക്കെട്ട് ഇന്നിങ്സുകളിലൂടെ കഴിഞ്ഞ സീസണിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കൃഷ്ണദേവനും എ.കെ.അർജുനും ഏവരും ഉറ്റുനോക്കുന്ന താരങ്ങളാണ്. ബാറ്റിങ്ങിലെപ്പോലെ ബോളിങ്ങിലും വിവിധ ടീമുകൾക്ക് കരുത്താകുന്നു തിരുവനന്തപുരത്തിന്റെ കുട്ടികള്‍.

കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിലൊരാളായ അഭിജിത്ത് പ്രവീൺ ബാറ്റിങ്ങിലും മികവുകാട്ടി. ആറ് ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസാണ് ഇത്തവണ അഭിജിത്തിനെ സ്വന്തമാക്കിയത്. വിജയ് വിശ്വനാഥ്, ബിജു നാരായണൻ, ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവരും ഓൾറൗണ്ട് മികവുമായി കെസിഎല്‍ മൂന്നാം പതിപ്പില്‍ ഉണ്ടാകും.

ENGLISH SUMMARY:

As the third season of the Kerala Cricket League approaches, Thiruvananthapuram's cricketing prowess is back in the spotlight with 17 players from the district featuring across various teams. The home franchise, Trivandrum Royals, features five local players including top-run scorer Krishnaprasad and Abhishek P. Nair, who are expected to anchor the squad. Several other players from the region, such as Ahmed Imran, Abhijith Praveen, and national under-19 star Manav Krishna, have secured key roles and high bids with different teams. This strong representation highlights the capital city's expanding talent pool in both batting and bowling departments for the upcoming tournament.