കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ആരാധകർക്ക് ആവേശമായി കെസിഎൽ ഫാൻ ലീഗ് ടൂർണമെൻറ്. കൊച്ചി കളമശ്ശേരിയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്‍റ് നടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ വിജയത്തിന് ശേഷമാണ് കെസിഎൽ ഫാൻ ലീഗ് എറണാകുളം ജില്ലയിൽ എത്തിയത്. 32 ടീമുകളാണ് മൽസരിക്കുന്നത്.
സോഫ്റ്റ് ടെന്നീസ് ബോൾ ടൂർണമെന്റിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ പങ്കെടുക്കുന്ന മുഴുവൻ കായികതാരങ്ങൾക്കും കേരള ക്രിക്കറ്റ് അസോസിയേഷന്റെ സർട്ടിഫിക്കറ്റുകളും ലഭിക്കും.
ജില്ലാതലത്തിൽ ചാമ്പ്യന്മാരാകുന്ന ടീം സംസ്ഥാനതലത്തിൽ ഏറ്റുമുട്ടും. സംസ്ഥാനതല ഫൈനലിൽ കിരീടമണിയുന്ന ടീമിന് 30,000 രൂപയും കെസിഎൽ ഫാൻ ലീഗ് ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കാം. കാണികൾക്കായി 'വോയിസ് ഓഫ് കെസിഎൽ' കമന്ററി മത്സരം, ഫാസ്റ്റ് ബോളിങ് ചലഞ്ച്, പ്രത്യേക ഗെയിം സോണുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.