ട്വന്‍റി 20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സൂര്യകുമാര്‍ യാദവിനെ മാറ്റിയ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ആര്‍.അശ്വിന്‍. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ് സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. മോശം ഫോമിലായതിനാല്‍ ടീമിലും സൂര്യകുമാറിന് ഇടമുണ്ടാകാന്‍ സാധ്യതയില്ല. ട്വന്‍റി 20 കിരീടം നിലനിര്‍ത്താന്‍ സഹായിച്ച ക്യാപ്റ്റനാണെന്നത് പോലും പരിഗണിക്കാതെയാണ് സൂര്യയെ പുറത്താക്കിയതെന്നും മാന്യമായ വിടവാങ്ങല്‍ സൂര്യ അര്‍ഹിച്ചിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.
'ട്വന്‍റി 20 കിരീട നേട്ടത്തിന് ശേഷം ഐപിഎല്‍ സീസണിലേക്ക് കടക്കുമ്പോള്‍ സൂര്യയ്ക്ക് ഒന്നും ഒട്ടുമെളുപ്പമായിരുന്നില്ല. അച്ഛനാവാനുള്ള മാനസികമായ തയാറെടുപ്പുകളിലായിരുന്നു താരം. അതിലും വലിയ കാര്യം വേറെയെന്തെങ്കിലുമുണ്ടോ? സൂര്യയെ കളിക്കളത്തില്‍ അതിന്‍റെ സമ്മര്‍ദങ്ങള്‍ ബാധിക്കുമെന്നത് പ്രതീക്ഷിക്കാവുന്ന കാര്യമാണ്. ലോകകപ്പ് നേടിയ ക്യാപ്റ്റനാണെന്നത് മറക്കാന്‍ പാടില്ലായിരുന്നു'വെന്നും അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 'നമ്മുടെ മനുഷ്യത്വമെല്ലാം എവിടെപ്പോയി? ഒരു തരി അത് ശേഷിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയാകുമോ പെരുമാറുക? ബാറ്റിങില്‍ സൂര്യ നിരാശപ്പെടുത്തിയെന്നത് നേരാണ്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് പോകട്ടെയെന്ന് വയ്ക്കാം. കുറച്ച് സമയം കൊടുക്കാമായിരുന്നു. അവസാന അവസരമെങ്കിലും'- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. സൂര്യകുമാറിന് കീഴില്‍ ഇന്ത്യ ഒരു ട്വന്‍റി 20 പരമ്പര പോലും തോറ്റിട്ടില്ലെന്നതാണ് വാസ്തവം. വ്യക്തിഗത പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. ഒരു അര്‍ധ സെഞ്ചറി പോലും ഇന്ത്യയ്ക്കായി താരത്തിന് നേടാന്‍ കഴിഞ്ഞതുമില്ല.
മൂന്ന് പരമ്പരകളെങ്കിലും സൂര്യകുമാറിന് നല്‍കാന്‍ സിലക്ടര്‍മാര്‍ തയാറാവണമെന്നായിരുന്നു തന്‍റെ അഭിപ്രായമെന്നും അതിലും താളം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമിന് പുറത്താക്കാമായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.
ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ പോലെ ഉറച്ച തീരുമാനങ്ങളെടുക്കാനുള്ള ഈ കരുത്താണ് ഇന്ത്യയ്ക്ക് വേണ്ടതെന്ന് ചിലര്‍ പറഞ്ഞുകണ്ടു. ഞാനൊരു കാര്യം പറയട്ടെ? ഓസ്ട്രേലിയയില്‍ ഇങ്ങനെയൊരിക്കലും സംഭവിക്കില്ല. കൃത്യമായ ആശയവിനിമയം അവിടെയുണ്ടാകും. സൂര്യകുമാര്‍ ടീമില്‍ ഇടം തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ പരമ്പരകളില്‍ കൂടി അദ്ദേഹത്തിന് ഫോം വീണ്ടെടുക്കാനായില്ലെങ്കില്‍ മാത്രമേ ടീമില്‍ നിന്ന് മാറ്റേണ്ട കാര്യം ആലോചിക്കേണ്ടതുള്ളൂ'- അശ്വിന്‍ വിശദീകരിച്ചു.
52 ട്വന്‍റി 20 മല്‍സരങ്ങളിലാണ് സൂര്യകുമാര്‍ ഇന്ത്യയെ നയിച്ചത്. ഇതില്‍ 40 ലും ഇന്ത്യ ജയിച്ചു. പക്ഷേ ദീര്‍ഘകാലമായി സൂര്യകുമാറിന് സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഐപിഎല്‍ സീസണിലും താരത്തിന് തിളങ്ങാനായില്ല.
ശ്രേയസ് അയ്യരെയാകും സൂര്യകുമാറിന് പകരക്കാരനായി ബിസിസിഐ പ്രഖ്യാപിക്കുക. ഇക്കാര്യത്തില്‍ ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. തിലക് വര്‍മയാകും വൈസ് ക്യാപ്റ്റന്‍. ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയും ടീമില്‍ ഇടംപിടിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.