അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മല്‍സരത്തില്‍ സായ് സുദര്‍ശന്‍ മൂന്നാമനായി ഇറങ്ങാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. മൂന്നാമനായി വേണ്ടത്ര അവസരങ്ങള്‍ സായ് സുദര്‍ശന് ലഭിച്ചിട്ടില്ലെന്നും അത് ലഭിക്കേണ്ടതുണ്ടെന്ന് താന്‍ കരുതുന്നുവെന്നുമായിരുന്നു മാധ്യമങ്ങളോട് ഗംഭീറിന്‍റെ പ്രതികരണം. ദേവ്​ദത്ത് പടിക്കലിനാണോ സാധ്യതയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'സായിക്ക് ന്യായമായ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇംഗ്ലണ്ടിലാണ് കളിക്കാന്‍ അവസരം കിട്ടിയത്. അര്‍ഹമായ അവസരം സായിക്ക് കിട്ടണമെന്നാണ് ഞാന്‍ കരുതുന്നത്. 11 കളിക്കാരെയല്ലേ നമുക്കാകെ എടുക്കാന്‍ കഴിയൂ. സായിയെ മാറ്റി നിര്‍ത്താന്‍ മോശം ഫോമിലല്ല. ഐപിഎലില്‍ 700 റണ്‍സെടുത്തു. നാലഞ്ച് കളികളുടെ പേരില്‍ മാത്രം സായിയെ കുറ്റപ്പെടുത്താന്‍ നിന്നാല്‍ ഒരുകാലത്തും ഒന്നും കെട്ടിപ്പടുക്കാന്‍ കഴിയില്ല'- ഗംഭീര്‍ തന്‍റെ നിലപാട് വ്യക്തമാക്കി. 

ശ്രീലങ്കന്‍ പര്യടനത്തില്‍ നാല് സ്പിന്നര്‍മാരെ ഇറക്കാനാണ് ഇന്ത്യ തയാറെടുക്കുന്നതെന്നും ഗംഭീര്‍ വെളിപ്പെടുത്തി. ഓഗസ്റ്റിലാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ലെഫ്റ്റ് ആം സ്പിന്നറായി മാനവോ, ഹര്‍ഷോ ആരാകുമെന്ന ചോദ്യത്തിന് ഒന്നിലധികം ആളുകളെ സ്പിന്നില്‍ പരീക്ഷിക്കാനാണ് തീരുമാനമെന്നും കോച്ച് പറഞ്ഞു. 'ഒരു പരിധി വരെ ഇരുവരും ഒരുപോലെയാണ് പന്തെറിയുന്നതെങ്കിലും റിലീസ് പോയിന്‍റുകളില്‍ വ്യത്യാസമുണ്ട്. അഫ്ഗാനെതിരായ മല്‍സരത്തില്‍ നാലാം സ്പിന്നറുടെ കാര്യത്തില്‍ തീരുമാനമാകുമെന്നും ലങ്കയ്ക്കെതിരെ നാല് സ്പിന്നര്‍മാര്‍ ഉണ്ടാകുമെന്നും ഗംഭീര്‍ വ്യക്തമാക്കി. ന്യൂസീലന്‍ഡിനെതിരെ ഈ തന്ത്രവും തയാറെടുപ്പുമാവില്ല. അതുകൊണ്ട് ടെസ്റ്റ് കൂടി കളിക്കുന്ന ഏകദിന താരങ്ങളെ പരിഗണിക്കും. ടെസ്റ്റ് മല്‍സരങ്ങള്‍ക്കായി കൂടുതല്‍ തയാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. 

കളി ആവശ്യപ്പെടുന്നത് അനുസരിച്ചുള്ള പ്രകടനത്തിന് റിഷഭ് പന്ത് തയാറെടുക്കേണ്ടതുണ്ടെന്നും ടീമിന്റെ പിന്തുണ താരത്തിനുണ്ടെന്നും പന്തിനെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ കുറിച്ചുള്ള ചോദ്യത്തോട് ഗംഭീര്‍ പ്രതികരിച്ചു. പന്തിന്റെ ശൈലി മാറ്റണമെന്നല്ല, രാജ്യാന്തര ക്രിക്കറ്റ് ആവശ്യപ്പെടുന്നതനുസരിച്ചുള്ള കളി പുറത്തെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് അഫ്ഗാനെതിരായ ഇന്ത്യയുടെ ടെസ്റ്റ് മല്‍സരം. ഇത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമല്ല. 

ENGLISH SUMMARY:

Indian head coach Gautam Gambhir has indicated that youngster Sai Sudharsan is likely to bat at the crucial number three position in the upcoming Test match against Afghanistan. Responding to queries about Devdutt Padikkal's chances, Gambhir structurally defended Sudharsan, stating that the young batter deserves a fair and extended run in the national team. The coach emphasized that Sudharsan is in excellent form, having amassed nearly 700 runs in the recent IPL season, and should not be judged based on a few isolated failures. Looking ahead to the Sri Lanka tour in August, Gambhir dynamically revealed plans to field a four-pronged spin attack to exploit local conditions. Additionally, addressing Rishabh Pant's removal from the Test vice-captaincy, the coach clarified that the team fully back Pant but expects him to adapt his aggressive game to match international cricket requirements.