lalit-modi-shocking-revelation-on-t20-senior-players

2007 ലെ ട്വന്‍റി 20 ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുതിര്‍ന്ന താരങ്ങളോട് താന്‍ കെഞ്ചിപ്പറഞ്ഞിട്ടും ആരും ഗൗനിച്ചില്ലെന്നും പരിഹസിച്ച് മടക്കി അയച്ചുവെന്നും ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി. 2007 ലെ ഇന്ത്യന്‍ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഡ്രസിങ് റൂമിലെത്തിയാണ് ആദ്യ ട്വന്‍റി 20 ലോകകപ്പില്‍ പങ്കെടുക്കണമെന്ന് താന്‍ അഭ്യര്‍ഥിച്ചതെന്ന് ലളിത് മോഡി പറയുന്നു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ലളിത് മോഡിയുടെ വെളിപ്പെടുത്തല്‍.

ട്വന്‍റി 20 ക്രിക്കറ്റ് മണ്ടന്‍മാരുടെ കളിയാണെന്നും നീണ്ട പരമ്പരയായതിനാല്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം വേണമെന്നുമായിരുന്നു പലരും പറഞ്ഞതെന്ന് മോഡി പറയുന്നു. ട്വന്‍റി ട്വന്‍റി ക്രിക്കറ്റിനോട് ആര്‍ക്കും ഇന്നത്തെ സമീപനമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. 'ഇംഗ്ലണ്ടില്‍ വച്ച് കളിക്കാരുടെ ഡ്രസിങ് റൂമില്‍ ഞാന്‍ ചെന്നു. ദയവു ചെയ്ത് ട്വന്‍റി 20 കളിക്കാമോ എന്ന് കെഞ്ചി. പക്ഷേ ‘ലളിത്, നിങ്ങള്‍ തമാശ പറയുകയാണോ? എന്ത് മണ്ടന്‍ കളിയാണത്. അത് കളിക്കാന്‍ ഞങ്ങളില്ല. വലിയ ക്ഷീണമുണ്ട്. കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം വേണം’ എന്നായിരുന്നു എല്ലാവരുടെയും മറുപടി. ഒരാള്‍ പോലും സമ്മതം മൂളിയില്ല. ഇന്ന് അതാലോചിക്കാന്‍ പോലും കഴിയുമോ? പൊതുജനമോ? താരങ്ങളോ, ബോര്‍ഡോ ആരെങ്കിലും  അത് സമ്മതിക്കുമോ? വലിയ ഒച്ചപ്പാടുണ്ടായേനെ' – മോഡി പറഞ്ഞു.

ഒന്നാംനിര ടീമിനെ അയയ്ക്കാന്‍ ബിസിസിഐ പോലും തയാറായില്ല. പകരം അന്ന് ക്യാപ്റ്റനായി അനുഭവസമ്പത്തില്ലാത്ത എം.എസ്.ധോണിയെ നായകനാക്കിയാണ് ടീം ഒരുക്കിയത്. ലോകകപ്പിന് ബി ടീമിനെ അയയ്ക്കുന്നത് ഇന്ന് ചിന്തിക്കാന്‍ കഴിയുമോ? അന്ന് അതൊക്കെ നടന്നുവെന്നും ലളിത് മോഡി പറഞ്ഞു. 'ട്വന്‍റി 20 ക്രിക്കറ്റിന് ഇന്ത്യയില്‍ ഭാവിയുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പരസ്യവുമില്ല, സബ്സ്ക്രിപ്ഷനുമില്ല. ആരെങ്കിലും കണ്ടാല്‍ പണം ലഭിക്കും, ഇല്ലെങ്കില്‍ അതുമില്ല എന്നതായിരുന്നു സ്ഥിതി. യുവരാജ് സിങ് ആറ് പന്തിലും സിക്സടിച്ചതോടെയാണ് ട്വന്‍റി 20 ലോകകപ്പിന്‍റെ തലവര മാറിയതെന്നും ലളിത് മോഡി പറയുന്നു. ഒരോവറില്‍ ആറ് പന്തും സിക്സടിക്കാനും അല്ലെങ്കില്‍ ഓവറില്‍ ആറ് വിക്കറ്റെടുക്കാനും ഞാന്‍ കളിക്കാരെ പ്രോല്‍സാഹിപ്പിച്ചു. അത്  ആളുകളെ ആകര്‍ഷിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു'- അദ്ദേഹം പറഞ്ഞു.

2007 ജൂണ്‍ 19 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം നടന്നത്. മൂന്ന് ടെസ്റ്റ് മല്‍സരങ്ങളും ഏഴ് ഏകദിനങ്ങളുമടങ്ങിയ പരമ്പര. ഐസിസിയുടെ ആദ്യ ട്വന്‍റി 20 ലോകകപ്പാകട്ടെ സെപ്റ്റംബര്‍ 11നാണ് നിശ്ചയിച്ചിരുന്നതും. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി തുടങ്ങിയ സീനിയര്‍ താരങ്ങളുണ്ടായിരുന്നു. എന്നാല്‍ ധോണി ക്യാപ്റ്റനായ യുവാക്കളുടെ ടീമാണ് ട്വന്‍റി 20 ലോകകപ്പിന് ഇറങ്ങിയത്. വീരേന്ദ്ര സെവാഗ്, യുവരാജ് സിങ്, ഗൗതം ഗംഭീര്‍, ദിനേഷ് കാര്‍ത്തിക്, ആര്‍.പി.സിങ്, ഇര്‍ഫാന്‍ പഠാന്‍, എസ്.ശ്രീശാന്ത് തുടങ്ങിയ യുവനിരയായിരുന്നു ടീമിലുണ്ടായിരുന്നത്.

ENGLISH SUMMARY:

Former IPL Chairman Lalit Modi has made a sensational revelation that senior Indian cricketers outright rejected his requests to participate in the inaugural 2007 T20 World Cup. Speaking to ANI, Modi stated that he literally begged the senior players in the dressing room during the 2007 England tour, but they dismissed T20 as a "stupid game" meant for entertainment. The veterans preferred to spend time with their families after a grueling bilateral tour, prompting a reluctant BCCI to dispatch a secondary team led by a young MS Dhoni. Modi highlighted that nobody anticipated the massive commercial future of T20 cricket back then, with zero guaranteed ad revenues or subscriptions. However, Yuvraj Singh's iconic six sixes in an over completely turned the tide, transforming the tournament's destiny and laying the structural foundation for modern cricket's visual popularity.