പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങ് ടീം ഇന്ത്യയിലേക്കുള്ള ടിക്കറ്റാകുമോ? അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ടീം അടുത്തയാഴ്ച്ച പ്രഖ്യാപിക്കാനിരിക്കെയാണ് വൈഭവ്, സെലക്ടര്‍മാര്‍ക്ക് അവഗണിക്കാനാകാത്ത വിസ്മയ ബാറ്റിങ്ങ് നടത്തിയത്. 237 സ്ട്രൈക്ക് റേറ്റില്‍ 776 റണ്‍സാണ് വൈഭവ് ഐപിഎല്‍ സീസണില്‍ അടിച്ചുകൂട്ടിയത്.
എലിമിനേറ്ററിലെയും രണ്ടാം ക്വാളിഫയറിലെയും ബാറ്റിങ് പ്രകടനം മാത്രം പരിഗണിച്ചാല്‍ മതിയല്ലോ വൈഭവിന് ഇന്ത്യയുടെ നീലക്കുപ്പായം നല്‍കാന്‍. കുറഞ്ഞ പന്തുകളില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് ഗുജറാത്തിനെതിരായ മല്‍സരത്തില്‍ വൈഭവ് സ്വന്തമാക്കി. വേണ്ടിവന്നത് 440 പന്ത്. മറികടന്നതാകട്ടെ 545 പന്തുകള്‍ നേരിട്ട ആന്ദ്രേ റസലിന്‍റെ റെക്കോര്‍ഡ്. ലോകോത്തര ബോളർമാരെയാണ് നിർഭയം നേരിട്ടുകൊണ്ടിരിക്കുന്നത്. കമ്മിൻസും സംഘവും ഫുൾ ലെങ്ത് പന്തുകളെറിഞ്ഞപ്പോൾ, നിമിഷാർധം കൊണ്ട് ബാറ്റിങ്ങിൽ മാറ്റംവരുത്തി, ബൗണ്ടറിയിലേക്ക് പായിക്കാൻ സൂര്യവംശിക്ക് കഴിഞ്ഞു. ഷോട്ടുകൾക്ക് ഇടം കണ്ടെത്താനായി സൂര്യവംശി സ്റ്റംപിൽനിന്ന് അധികം അകന്നുമാറാറില്ല. ക്രീസിൽ പിന്നോട്ട് വലിഞ്ഞ് ഉറച്ചുനിന്ന് നല്ല ലെങ്ത് പന്തുകൾ പോലും സിക്സർ പറത്താനാണ് ഇഷ്ടപ്പെടുന്നത്. ഇതുവരെ നേടിയ 72 സിക്സറുകളിൽ ഭൂരിഭാഗവും പിറന്നത് ലെങ്ത് പന്തുകളിൽ നിന്നാണ്. ഐപിഎല്‍ പ്ലേ ഓഫില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ താരവും വൈഭവാണ്.