Image Credit: PTI(Left), AP (Right)
ഐപിഎലിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തിന്‍റെ പ്രശംസയേറ്റുവാങ്ങുകയാണ് വൈഭവ് സൂര്യവംശി. റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ക്കുന്ന വൈഭവിനെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനോടും സച്ചിന്‍ ടെന്‍ഡുല്‍ക്കറോടും ഐപിഎലില്‍ ക്രിസ് ഗെയ്ലിനോടുമെല്ലാമാണ് ആരാധകരും മുന്‍താരങ്ങളും താരതമ്യപ്പെടുത്തുന്നത്. എന്നാല്‍ സൂര്യവംശിയെ പാക് മുന്‍താരമായ മുഹമ്മദ് യൂസഫ് താരതമ്യം ചെയ്യുന്നത് ഷാഹിദ് അഫ്രീദിയുമായാണ്. 'ക്രിക്കറ്റില്‍ വിസ്മയ പ്രകടനം നടത്തുന്ന വൈഭവ് സൂര്യവംശി , ഷാഹിദ് അഫ്രീദിയെ ഓര്‍മിപ്പിക്കുന്നു. ചെറുപ്പം, ആരെയും കൂസാതെയുള്ള ആ വെടിക്കെട്ട് ബാറ്റിങ്, ഊര്‍ജം എല്ലാം അതുപോലെ തന്നെ' എന്നായിരുന്നു മുഹമ്മദ് യൂസുഫിന്‍റെ എക്സ് പോസ്റ്റ്. യൂസുഫ് പറഞ്ഞതു പോലെ കരിയറിന്‍റെ തുടക്കത്തില്‍ അഫ്രീദിയും വെടിക്കെട്ട് ബാറ്റിങായിരുന്നു. ആദ്യ ഏകദിനത്തില്‍ 37 പന്തിലാണ് താരം സെഞ്ചറി നേടിയത്. 18 വര്‍ഷത്തോളം ഈ റെക്കോര്‍ഡ് ഇളകാതെ നിന്നു.
പക്ഷേ മുഹമ്മദ് യൂസുഫിന്‍റെ താരതമ്യം വൈഭവിന്‍റെ ആരാധകര്‍ക്ക് ഒട്ടും രസിച്ചില്ല. 'ഇതിലും വലിയ അപമാനം വൈഭവിന് വരാനില്ല' എന്നായിരുന്നു യൂസുഫിന്‍റെ പോസ്റ്റ് പങ്കുവച്ച് ഒരാള്‍ കുറിച്ചത്. 'വൈഭവും അഫ്രീദിയുമായി താരതമ്യത്തിന്‍റെ കാര്യമേ ഉദിക്കുന്നില്ല. വൈഭവിന്‍റെ ശൈലിയേ വ്യത്യസ്തമാണ്' എന്ന് മറ്റൊരാളും കുറിച്ചു.
അതേസമയം, വൈഭവിനെതിരെ കാര്യങ്ങള്‍ തങ്ങള്‍ പ്ലാന്‍ ചെയ്തത് പോലെ നടന്നുവെന്നായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്‍റെ അസിസ്റ്റന്‍റ് കോച്ച് പാര്‍ഥിവ് പട്ടേല്‍ കളിക്ക് ശേഷം പ്രതികരിച്ചത്. വൈഭവിന്‍റെ കാര്യത്തില്‍ തങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
വൈറല്‍ സെല്‍ഫിക്ക് പിന്നാലെ, തന്‍റെ ജീവിതത്തില്‍ തന്നെ മറ്റൊരാള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ പോകുന്നത് ഇത് രണ്ടാമത്തെ പ്രാവശ്യം മാത്രമാണെന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം ജസ്റ്റിന്‍ ലാങ്ഗറുടെ കുറിപ്പ്. ചൈല്‍ഡ്ഹുഡ് ഹീറോയായ സ്റ്റീഫന്‍ മിഷേലിനെ കണ്ടപ്പോഴും പിന്നെ ബിഹാറില്‍ നിന്നുള്ള 15കാരന്‍ വൈഭവിനെ കണ്ടപ്പോഴും എന്നായിരുന്നു താരത്തെ പ്രശംസിച്ച് ലാങ്ഗര്‍ എഴുതിയത്. ഇതുപോലെ മറ്റാരും കളിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.