സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡുമായി പേരിലുള്ള സാമ്യത്തെ തുടര്‍ന്ന് പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് റാപ്പര്‍ ട്രാവിസ് സ്കോട്ട്. തെറ്റിയത് കോലിയും ഹെഡുമാണെങ്കിലും പൊങ്കാലയത്രയും സ്കോട്ടിന്‍റെ പേജിലാണ്. കോലിയുടെ ആരാധകര്‍ ട്രാവിസെന്ന പേരുകണ്ടതും ഇരച്ചെത്തിയതാണ് സ്കോട്ടിനെ വലച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ സ്കോട്ട് പങ്കുവച്ച ചിത്രങ്ങള്‍ക്ക് ചുവടെയാണ് വിദ്വേഷ കമന്‍റുകളും അസഭ്യങ്ങളും ചിലര്‍ എഴുതി നിറച്ചത്. ആരാധനയുടെ മോശം വശമാണിതെന്നും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. താരങ്ങള്‍ തന്നെ ഇതിനെതിരെ രംഗത്ത് വരണമെന്നും കളിക്കളത്തിലെ പിണക്കങ്ങളും അസ്വാരസ്യങ്ങളും പുറത്തേക്ക് നീളുന്നത് ശരിയല്ലെന്നും ആളുകള്‍ പറയുന്നു.
നേരത്തെ ഹെഡിന്റെ ഭാര്യ ജെസിക്കയെയും ആരാധകര്‍ വിവാദത്തിലേക്ക് വലിച്ചിട്ടിരുന്നു. ഹെഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇതാദ്യമായല്ല തനിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടാകുന്നതെന്ന് അവര്‍ തുറന്നെഴുതുകയും ചെയ്തു. 2023 ലെ ഏകദിന ലോകകപ്പ് ഫൈനലിനിടെ അസാമാന്യ ക്യാച്ചിലൂടെ രോഹിത് ശര്‍മയെ ഹെഡ് പുറത്താക്കിയതാണ് മുന്‍പ് ജെസീക്കയ്ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടാക്കിയത്. 'ആ ലോകകപ്പില്‍ നിന്നും ഒന്നും വ്യത്യസ്തമല്ല ഇതും. രാവിലെ എഴുന്നേറ്റ് സമൂഹമാധ്യമങ്ങള്‍ നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് നേരെയുള്ളത് പോട്ടെന്ന് വയ്ക്കാം. പക്ഷേ എന്‍റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പോലും അവര്‍ വെറുതേ വിടുന്നില്ല'- ജെസീക്ക ഓസീസ് മാധ്യമത്തോട് പറഞ്ഞു.
സബ്സ്റ്റിറ്റ്യൂട്ട് അല്ലാതെ കളിക്കാനിറങ്ങിയ ഹെഡിനോട് 'വന്ന് പന്തെറിഞ്ഞിട്ട് പോകൂ'വെന്ന് കോലി പ്രകോപിപ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സാധാരണയായി ഹെഡ് പന്തെറിയാറില്ല. കൂറ്റന്‍ റണ്‍ ചേസിനിറങ്ങിയ കോലിയാവട്ടെ 14 റണ്‍സെടുത്ത് പുറത്താകുകയും ചെയ്തു. ഇതോടെ കോലിക്ക് സമീപമെത്തി 'പന്തെറിയാന്‍ വന്നപ്പോഴേക്കും വിക്കറ്റ് പോയി തിരിച്ച് പോകുവാണല്ലോ' എന്ന് ഹെഡ് തിരിച്ചടിച്ചു. ഇതില്‍ കോലി പിണങ്ങി. മല്‍സരത്തില്‍ ആര്‍സിബി തോറ്റു. ആര്‍സിബിയുടെ വിക്കറ്റ് തുടരെത്തുടരെ വീഴുമ്പോള്‍ ഡഗൗട്ടില്‍ കോലി അസ്വസ്ഥനുമായിരുന്നു. കളിക്ക് ശേഷം ഹെഡിന് മാത്രം ഹസ്തദാനം ചെയ്യാതെ താരം മുന്നോട്ട് നീങ്ങുകയും ചെയ്തു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്.