wayanad-kca-u19-womens-cricket-win

കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ തുടർച്ചയായ നാലാം വിജയവുമായി വടക്കൻ മേഖലയിലെ ഒന്നാം സ്ഥാനക്കാരായി വയനാട് ജില്ല. അവസാന മത്സരത്തിൽ മലപ്പുറത്തിനെ മൂന്ന് റൺസിനാണ് വയനാട് തോൽപ്പിച്ചത്. നാല് മത്സരങ്ങളും ജയിച്ച വയനാട് 16 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 12 പോയിൻ്റ് നേടിയ മലപ്പുറം രണ്ടാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തിൽ കാസർ​ഗോഡ് ആറ് വിക്കറ്റിന് കോഴിക്കോടിനെ തോൽപ്പിച്ചു. 

 മലപ്പുറത്തിനെതിരെ ആവേശപ്പോരാട്ടത്തിലായിരുന്നു വയനാടിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത വയനാട് 30 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. തീർത്ഥ (36), പ്രിഥന (26), പാർവ്വതി (22) എന്നിവരാണ് വയനാട് ബാറ്റിങ് നിരയിൽ തിളങ്ങിയത്. മലപ്പുറത്തിന് വേണ്ടി അക്ഷയയും വൈഗയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലപ്പുറം അവസാന ഓവറിലെ അവസാന പന്ത് വരെ പൊരുതിയെങ്കിലും 146 റൺസിന് ഓൾ ഔട്ടായി. 36 റൺസെടുത്ത അക്ഷയയും 32 റൺസെടുത്ത ക്യാപ്റ്റൻ ശ്രദ്ധയുമാണ് മലപ്പുറത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. വയനാടിന് വേണ്ടി തീർത്ഥയും ജിഷ്നയും ഉണ്ണിമായയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറ്റൊരു മത്സരത്തിൽ കാസർ​ഗോഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത കോഴിക്കോട് 21.2 ഓവറിൽ 87 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നബ ഫാത്തിമയുടെ ബൗളിങ് മികവാണ് കോഴിക്കോടിനെ തകർത്തത്. ഹരിപ്രിയ രണ്ട് വിക്കറ്റും നേടി. 22 റൺസെടുത്ത നയനിക മാത്രമാണ് കോഴിക്കോട് ബാറ്റിങ് നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.  മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാസർകോട് 22.1 ഓവറിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ റിതികയും അൻവിതയും 25 റൺസ് വീതം നേടി. കോഴിക്കോടിന് വേണ്ടി ശ്രീയ രണ്ട് വിക്കറ്റ് വീഴ്ത്തി.

ENGLISH SUMMARY:

Wayanad district secured the top spot in the Northern region of the KCA U19 women's cricket tournament with their fourth consecutive victory, defeating Malappuram by three runs. This win propelled Wayanad to 16 points, solidifying their first-place position.