kohili-7

2027 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിരാട് കോലി ഉണ്ടാകുമോവിരമിക്കല്‍ ചര്‍ച്ചകള്‍ക്കിടെ മനസ് തുറക്കുകയാണ് താരം. തന്റെ മൂല്യം തെളിയിക്കേണ്ടയിടം തനിക്കുള്ളതല്ലെന്നാണ് കോലിയുടെ നിലപാട്.

ആര്‍.സി.ബി പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴായിരുന്നു വിരാട് കോലിയുടെ വൈകാരിക പ്രതികരണം. 2027 ഏകദിന ലോകകപ്പില്‍ താന്‍ ഉണ്ടാകുമോ എന്ന ചോദ്യം പലയിടത്തുനിന്നും ഉയരുന്നുണ്ട്. ഏതെങ്കിലും ഒരു ടൂര്‍ണമെന്റിന് തൊട്ടുമുന്‍പല്ല, എല്ലാ ദിവസവും താന്‍ തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ക്രിക്കറ്റിനോടുള്ള താല്‍പര്യമാണ് ഇതിന് കാരണം. അതിനാല്‍, ഇന്ത്യയ്ക്ക് വേണ്ടി എപ്പോള്‍ കളത്തിലിറങ്ങാനും തയാറാണ്. എന്നാല്‍ ക്രിക്കറ്റിനോടുള്ള തന്റെ അര്‍പ്പണബോധം ചോദ്യംചെയ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് കോലി പറഞ്ഞു. ടീമിനായി കഠിനാധ്വാനം ചെയ്യാന്‍ താന്‍ തയാറാണ്. എന്നിട്ടും തന്റെ മൂല്യം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് ശരിയല്ല. അത്തരം ഒരു സാഹചര്യത്തില്‍ താന്‍ അവിടെ ഉണ്ടാവില്ലെന്നും കോലി കൂട്ടിചേര്‍ത്തു.

ഈ സീസണ്‍ ഐ.പി.എല്ലില്‍ ബെംഗളൂരുവിനായി മികച്ച ഫോമില്‍ തുടരുന്ന കോലി കൊല്‍ക്കത്തക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ സെഞ്ചുറിയും നേടിയിരുന്നു. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 484 റണ്‍സുമായി മൂന്നാമതാണ് കിങ് കോലി. രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച താരത്തിന് ഇന്ത്യന്‍ ജേഴ്സിയില്‍ കളത്തിലിറങ്ങാന്‍ ഏതാനും അവസരങ്ങള്‍ കൂടിയെ ബാക്കിയുണ്ടാകു.