Chennai Super Kings' Sanju Samson plays a shot during the Indian Premier League cricket match between Chennai Super Kings and Delhi Capitals in New Delhi, India, Tuesday, May 5, 2026. (AP Photo/Manish Swarup)
ഫിറ്റ്നസില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് സഞ്ജു സാംസണോട് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. 2026ല്‍ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്ന താരം ഫിറ്റ്നസും ലുക്കും ശ്രദ്ധിക്കണമെന്നാണ് മുന്‍ താരം ഉപദേശിക്കുന്നത്. ട്വന്റി20 ലോകകപ്പില്‍ മാന്‍ ഓഫ് ദ് ടൂര്‍ണമെന്റ് ആയതിനു പിന്നാലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി സെഞ്ചറികള്‍ അടിച്ചുകൂട്ടുമ്പോഴും സഞ്ജു കൃത്യമായ ഫിറ്റ്നസ് ശ്രദ്ധിക്കുന്നില്ലെന്നൊരു ആക്ഷപം നിലവിലുണ്ട്.
സഞ്ജു ഇപ്പോൾ മികച്ച ഫോമിലാണ് മുന്നേറുന്നതെങ്കിലും ശാരീരികക്ഷമതയുടെ കാര്യത്തിൽ വിരാട് കോലിയെ മാതൃകയാക്കണമെന്നാണ് മഞ്ജരേക്കറുടെ പക്ഷം. വരുന്ന വര്‍ഷങ്ങളിലും ഇതേ തരത്തിലുള്ള മികവ് നിലനിർത്താൻ കൂടുതൽ ഫിറ്റ്‌നസ് അത്യാവശ്യമാണെന്ന് മഞ്ജരേക്കര്‍ ഓർമിപ്പിച്ചു. നിലവിൽ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നുപോകുന്ന സഞ്ജു ഈ ഘട്ടത്തില്‍ ഫിറ്റ്‌നസിൽ വരുത്തുന്ന മാറ്റങ്ങൾ അദ്ദേഹത്തിന്റെ കരിയർ ദൈർഘ്യം വർധിപ്പിക്കാൻ സഹായിച്ചേക്കും.
ഇതിനായി കോലിയുടെ ഫിറ്റ്നസ് തന്ത്രങ്ങളും ശൈലികളും പിന്തുടരാവുന്നതാണെന്നും മഞ്ജരേക്കര്‍ പറയുന്നു. ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. ഫിറ്റ്നസ് ജീവിതചര്യയാക്കി മാറ്റിയാല്‍ അത് കളിക്കളത്തിലും പ്രകടനത്തിലും വലിയ മാറ്റങ്ങളുണ്ടാക്കിയേക്കുമെന്നും മഞ്ജരേക്കര്‍ പറയുന്നു.
സൂര്യകുമാര്‍ യാദവിനൊപ്പം സഞ്ജുവിനും തന്റെ കരിയറില്‍ കൂടുതല്‍ കാലം തിളങ്ങിനില്‍ക്കാന്‍ കൃത്യമായ ശാരീരിക ക്ഷമത ആവശ്യമാണ്. ഇരുപതുകള്‍ പിന്നിട്ട സഞ്ജു കരുത്ത് നിലനിര്‍ത്താന്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഉയര്‍ന്ന തലത്തിലുള്ള മത്സസങ്ങള്‍ വിജയിക്കാന്‍ ഇത് അനിവാര്യമാണെന്നും മഞ്ജരേക്കര്‍ പറയുന്നു.