riyan-video

ഐപിഎല്‍ മത്സരത്തിനിടെ ഇ–സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് വിവാദത്തില്‍. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് ഇ–സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്രസിങ് സ്റ്റേഡിയത്തിലെ മത്സരത്തിനിടെയായിരുന്നു സംഭവം. 

ക്യാപ്റ്റന്‍ പുറത്തായി ഡ്രസ്സിങ് റൂമിലെത്തി നിമിഷങ്ങള്‍ക്കകമായിരുന്നു സംഭവം. മത്സരത്തിന്റെ പതിനാറാം ഓവറില്‍ ബ്രോഡ്കാസ്റ്റ് ക്യാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് പരാഗ് പെട്ടത്. വിഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതോടെ റിയാന്‍ പരാഗിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മത്സരത്തിനും സ്പോര്‍ട്സ് താരത്തിനും നിരക്കാത്ത പ്രവൃത്തിയാണ് പരാഗിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് റോയല്‍സ് ആരാധകര്‍ ഉള്‍പ്പെടെ പറയുന്നത്. നിയമവശം പരിശോധിക്കുകയാണെങ്കിലും ക്യാപ്റ്റന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ പിഴവാണ്.

ഇന്ത്യയിൽ 2019-ലെ ‘ദ പ്രൊഹിബിഷൻ ഓഫ് ഇലക്ട്രോണിക് സിഗരറ്റ്സ് ആക്ട്’ പ്രകാരം ഇ-സിഗരറ്റുകളുടെ ഉത്പാദനം, വിൽപന, ഇറക്കുമതി, പരസ്യം ചെയ്യൽ എന്നിവ ഉള്‍പ്പെടെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നത് തടവുശിക്ഷയ്ക്കും വലിയ തുക പിഴയടക്കലും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വഴിയൊരുക്കും.

മത്സരവുമായി ബന്ധപ്പെട്ട് സ്റ്റേഡിയത്തിനുള്ളിലോ ഡ്രസ്സിങ് റൂമിലോ പുകവലിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പ്രത്യേകമായി അനുവദിച്ച സ്ഥലങ്ങളിൽ മാത്രമേ അനുവാദമുള്ളൂ. ഒരു അത്‌ലറ്റ് എന്ന നിലയിലും നിരോധിക്കപ്പെട്ട ഒരു വസ്തു ഉപയോഗിക്കുന്നത് ഗുരുതരമായ പിഴവായാണ് കണക്കാക്കപ്പെടുന്നത്. ബി.സി.സി.ഐ ഈ വിഷയത്തിൽ കർശന നടപടി സ്വീകരിക്കാനാണ് സാധ്യതയെന്നും സൂചനകളുണ്ട്. 

15വയസുകാരന്‍ വൈഭവ് സൂര്യവംശിക്കുള്‍പ്പെടെ ക്യാപ്റ്റന്‍ ഏത് തരത്തിലുള്ള മാതൃകയാണ് നല്‍കുന്നതെന്നും ഇതോടെ ചോദ്യമുയര്‍ന്നു. ഈ സീസണിൽ തന്നെ രാജസ്ഥാൻ റോയൽസ് നേരിടുന്ന രണ്ടാമത്തെ വിവാദമാണിത്. മുന്‍പ്  ടീം മാനേജർ റോമി ബിന്ദർ ഡഗ്ഔട്ടിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് പ്രോട്ടോക്കോൾ ലംഘനമായി കണക്കാക്കിയിരുന്നു. 

ഇതിനെത്തുടർന്ന് ബി.സി.സി.ഐ അദ്ദേഹത്തിന് പിഴ ചുമത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പരാഗിന്റെ പ്രവൃത്തിയിലും ടീം മാനേജ്മെന്റും ക്യാപ്റ്റനും ബി.സി.സി.ഐക്ക് വ്യക്തമായ മറുപടി നൽകേണ്ടി വരും. രാജ്യത്ത് നിയമവിരുദ്ധമായ ഇ–സിഗരറ്റ് പരസ്യമായി ഉപയോഗിച്ചു എന്നത് താരത്തിനും ടീമിനും വലിയ തിരിച്ചടിയായേക്കാം.

Riyan Parag Faces Controversy Over E-cigarette Use During IPL Match:

Riyan Parag e-cigarette controversy has erupted after videos of him vaping during an IPL match went viral. This incident raises concerns about player conduct and adherence to sports regulations and Indian laws.