virat-kohli

വിരാട് കോലിയുടെ കയ്യില്‍ നിന്നും ഓട്ടോഗ്രാഫ് കിട്ടാത്തതിന് പിന്നാലെ വികാരാധീനനായി കുട്ടി ആരാധകന്‍. ബാറ്റും വലിച്ചെറിഞ്ഞ് കരഞ്ഞുകൊണ്ടു പോകുന്ന ബാലന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീം തങ്ങിയിരുന്ന ഹോട്ടലിലാണ് ഓട്ടോഗ്രാഫിനായി കുട്ടി കാത്തുനിന്നത്. 

കനത്ത സുരക്ഷാ വലയത്തിൽ കോലി കടന്നുപോയപ്പോൾ കുട്ടി ബാറ്റുമായി അടുത്തേക്കെത്താന്‍ ശ്രമിച്ചു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥർ കുട്ടിയെ അടുത്തേക്ക് വിട്ടില്ല. കുട്ടി കരഞ്ഞുകൊണ്ട് കോലി എന്ന് വിളിച്ച് പിറകെ പോയെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായി. പ്രിയതാരത്തെ കാണാൻ കഴിയാത്ത സങ്കടത്തിൽ കുട്ടി പൊട്ടിക്കരയുകയും കയ്യിലുണ്ടായിരുന്ന ബാറ്റ് ദേഷ്യത്തോടെ നിലത്തടിച്ച് തകർക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പ്രചരിച്ച ഈ 33 സെക്കൻഡ് വിഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

‌പല വിധത്തിലാണ് സോഷ്യല്‍ മീഡിയ വിഡിയോയോട് പ്രതികരിക്കുന്നത്. വിരാട് കോലിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകളെത്തി. കുട്ടിയുടെ സങ്കടം കണ്ടുനിൽക്കാൻ കഴിയില്ലെന്നും ഒരു ഒപ്പ് ആ കുട്ടിയെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു എന്നും പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ താരങ്ങളും മനുഷ്യരാണെന്നും എല്ലായ്​പ്പോഴും സന്തോഷത്തോടെ ആരാധകരെ പരിഗണിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാവില്ലെന്നും ചിലര്‍ പറഞ്ഞു. തിരക്കേറിയ ഷെഡ്യൂളിനിടയിൽ എല്ലാ ആരാധകരെയും ശ്രദ്ധിക്കാൻ താരങ്ങൾക്ക് കഴിയില്ലെന്ന് ഒരു വിഭാഗം വാദിച്ചു.

ENGLISH SUMMARY:

Virat Kohli fan encounter shows a young fan's emotional reaction after failing to get an autograph. The viral video of the child's distress has sparked widespread discussion on social media.