jose-butler-sai-sudharsan-ipl-victory-gujarat

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ എട്ടു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് മിന്നും ജയം. ചെന്നൈ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 20 പന്തുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. 46 പന്തിൽ 87 റൺസെടുത്ത സായ് സുദർശന്റെ ബാറ്റിംഗ് പ്രകടനമാണ് ഗുജറാത്തിന്റെ വിജയം എളുപ്പമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ തുടക്കം പാളുന്ന കാഴ്ചയാണ് കണ്ടത്. വെറും 37 റൺസിനിടെ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള നാല് മുൻനിര താരങ്ങളെ ചെന്നൈയ്ക്ക് നഷ്ടമായി. എന്നാൽ ഒരുവശത്ത് ഉറച്ചുനിന്ന ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. 60 പന്തിൽ 74 റൺസുമായി റുതുരാജ് പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ ജാമി ഓവർട്ടൺ നടത്തിയ ചെറിയ വെടിക്കെട്ടാണ് (6 പന്തിൽ 18) ചെന്നൈയെ 158-ൽ എത്തിച്ചത്. ഗുജറാത്തിന് വേണ്ടി കഗിസോ റബാഡ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അർഷാദ് ഖാൻ രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് വേണ്ടി ഓപ്പണർ സായ് സുദർശൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് സിക്‌സറുകളും നാല് ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു സുദർശന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനൊപ്പം (33) 58 റൺസും തുടർന്ന് ജോസ് ബട്ട്‌ലർക്കൊപ്പം (പുറത്താകാതെ 39) 97 റൺസും സുദർശൻ കൂട്ടിച്ചേർത്തു. ഇതോടെ 16.4 ഓവറിൽ ഗുജറാത്ത് ലക്ഷ്യം കണ്ടു.

മത്സരത്തിൽ 11 റൺസിന് പുറത്തായെങ്കിലും സഞ്ജു സാംസൺ ഐപിഎല്ലിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഐപിഎല്ലിൽ 5,000 റൺസ് തികയ്ക്കുന്ന എട്ടാം ഇന്ത്യൻ താരം എന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. കഗിസോ റബാഡയുടെ പന്തിലാണ് സഞ്ജു പുറത്തായത്. മത്സരത്തിലെ താരം: കഗിസോ റബാഡ (3/25)

ENGLISH SUMMARY:

Gujarat Titans achieved a dominant victory over Chennai Super Kings in IPL 2026 by an eight-wicket margin. Sai Sudharsan's explosive 87 runs off 46 balls was the highlight of the match, guiding Gujarat to the target with 20 balls to spare.