കഴിഞ്ഞയാഴ്ച്ചയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം ലുങ്കി എന്‍ഗിഡിക്ക് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ കഴുത്തിന് ഗുരുതരമായി പരുക്കേറ്റത്. ഗ്രൗണ്ടില്‍ അനക്കമില്ലാതെ കിടന്ന താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തിരക്കേറിയ ഡല്‍ഹി നഗരത്തില്‍ എട്ട് കിലോമീറ്റര്‍ ദൂരം 11 മിനിറ്റ് കൊണ്ട് ഓടിയെത്താന്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് രക്ഷകനായത് എസിപി സഞ്ജയ് സിങ്ങാണ്. ആരാണ് എസിപി സഞ്ജയ് സിങ് എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ എക്സിലുള്‍പ്പെടെ സംസാരവിഷയം. 

ഡല്‍ഹിയിലെ ഗതാഗതക്കുരുക്ക് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് വലിയ തലവേദനയാണ്. സാധാരണ നിലയിൽ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നിന്ന് രാജേന്ദ്ര നഗറിലെ ആശുപത്രിയിലേക്ക് ഏകദേശം 30 മിനിറ്റിലേറെ സമയമെടുക്കും. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലാണ് എസിപി സഞ്ജയ് സിങ് ക്രിക്കറ്റ് താരത്തിന് രക്ഷകനായെത്തിയത്. 

കുരുക്കില്‍പ്പെടാതെ ക്രിക്കറ്റ് താരം ആശുപത്രിയിലെത്താനായി എസിപി ഒരുക്കിയ ഗ്രീന്‍ കോറിഡോറാണ് ആംബുലന്‍സ് ഡ്രൈവറുടെ പാത സുഗമമാക്കിയത്. അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിനു പുറത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് എസിപി ക്രിക്കറ്റ് താരത്തിന് പരുക്കേറ്റ വിവരം അറിയുന്നത്. വാഹനം ഗേറ്റ് നമ്പര്‍ രണ്ടിലെത്തിയിരുന്നു, അകത്ത് ലുങ്കി എന്‍ഗിഡി ഓക്സിജന്‍ മാസ്ക് ധരിച്ച് അനക്കമില്ലാതെ കിടക്കുന്നു, ഡ്രൈവറോട് ഏത് ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഉള്‍പ്പെടെ ചോദിച്ചു. രാജേന്ദ്ര നഗറിലെ ബിഎല്‍കെ മാക്സ് ആശുപത്രിയിലേക്കെന്ന് മറുപടി ലഭിച്ചു. ഗൂഗിള്‍ മാപ്പ് നോക്കി ആംബുലന്‍സ് ഡ്രൈവര്‍ കുരുക്ക് കുറഞ്ഞ പാതയുള്‍പ്പെടെ പരിശോധിക്കുന്നതുകണ്ട സിങ് ഉടന്‍ തന്നെ ഇടപെട്ടു. 

പെട്ടെന്ന് തന്നെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഗ്രീന്‍ കോറിഡോര്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടു. സ്റ്റേഡിയം മുതല്‍ ആശുപത്രി വരെയുള്ള പാത കുരുക്കൊഴിവാക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ എട്ട് കിലോമീറ്റര്‍ ദൂരം വെറും 11 മിനിറ്റ് കൊണ്ട് ഓടിയെത്തി. ഡല്‍ഹി ക്യാപിറ്റല്‍സ് ഉദ്യോഗസ്ഥനൊപ്പം സിങ്ങും തന്റെ കാറില്‍ ആശുപത്രിയിലേക്ക് തിരിച്ചു.  

സമയോചിതമായി ഇടപെട്ട എസിപിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം ഒരു ക്രിക്കറ്റ് പ്രേമി മാത്രമല്ല ക്രിക്കറ്റ് താരം കൂടിയാണെന്ന് അറിയുന്നത്.ഗൗതം ഗംഭീർ, യുവരാജ് സിങ്, വിരാട് കോലി എന്നിവർക്കൊപ്പമെല്ലാം ക്രിക്കറ്റ് കളിച്ചിട്ടുണ്ട് എസിപി സിങ്. 2012ല്‍ ഉള്‍പ്പെടെ ഡല്‍ഹി പൊലീസ് ക്രിക്കറ്റ് ടീമില്‍ കളിച്ചിട്ടുള്ള താരമാണ് എസിപി സിങ്. ഡിഡിസിഎ ലീഗ് ക്രിക്കറ്റ് മാച്ചിന്റെ ഭാഗമായിരുന്ന സിങ് മുഹമ്മദ് കൈഫ്, വീരേന്ദര്‍ സേവാഗ് എന്നിവര്‍ക്കൊപ്പവും കളിച്ചിട്ടുണ്ട്. അന്നുവന്ന കുട്ടിതാരമായ കോലിയ്ക്കൊപ്പവും ക്രിക്കറ്റ് കളിച്ച ഓര്‍മകളുണ്ട് സിങ്ങിന്. ഇതിനിടെ പരുക്കേറ്റ താരം എൻഗിഡി സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.

ACP Sanjay Singh: The Savior of Lungi Ngidi:

ACP Sanjay Singh was instrumental in saving the life of Lungi Ngidi after a serious injury during a match. He created a green corridor to ensure the ambulance reached the hospital quickly, bypassing Delhi's notorious traffic.