ജീവൻമരണ പോരാട്ടത്തിൽ ക്യാപ്റ്റൻ മുന്നിൽനിന്നു നയിച്ചപ്പോൾ പഞ്ചാബ് കിങ്സിനു തകർപ്പൻ ജയം. നിർണായക മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ലക്നൗ സൂപ്പർ ജയന്റ്സിനെ പഞ്ചാബ് തോൽപ്പിച്ചത്. ലക്നൗ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 18 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. ഐപിഎലിലെ കന്നി സെഞ്ചറി നേടിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (51 പന്തിൽ 101*), അർധസെഞ്ചറി നേടിയ പ്രഭ്സിമ്രാൻ സിങ് (39 പന്തിൽ 69) എന്നിവരാണ് പഞ്ചാബിന്റെ വിജയശിൽപികൾ. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്തു. ജയത്തോടെ, 15 പോയിന്റുമായി നാലാം സ്ഥാനത്തേയ്ക്കു കയറിയ പഞ്ചാബ്, പ്ലേഓഫ് പ്രതീക്ഷ കാത്തു. ഞായറാഴ്ചത്തെ മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരുടെ കൂടി മത്സരഫലങ്ങളെ ആശ്രയിച്ചാകും പഞ്ചാബിന്റെ പ്ലേഓഫ് പ്രവേശം. പഞ്ചാബിന്റെ ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പുറത്തായി. ലക്നൗവിന് അവസാനസ്ഥാനക്കാരായി മടക്കം.