vaibhav-suryavanshi-selection-dilemma-sanju-samson-surya

Image Credit: AFP (left), Manorama (Middle), PTI (right)

അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയില്‍ വൈഭവ് സൂര്യവംശി ഇന്ത്യയ്ക്കായി കളിച്ചേക്കുമെന്ന സൂചനകള്‍ പരക്കുന്നതിനിടെ ബിസിസിഐക്ക് പുതിയ തലവേദന. വൈഭവിനെ ടീമില്‍ എവിടെ ഉള്‍പ്പെടുത്തുമെന്നതിനെ ചൊല്ലിയാണ് ബിസിസിഐയില്‍ ആലോചന ചൂടുപിടിക്കുന്നത്. വൈഭവിനെ കളിപ്പിക്കണമെങ്കില്‍ സഞ്ജുവോ, ഫോം ഔട്ടായി നില്‍ക്കുന്ന സൂര്യകുമാറോ അഭിഷേക് ശര്‍മയോ പുറത്തിരിക്കണമെന്നതാണ് സ്ഥിതിയെന്ന് മുന്‍താരങ്ങള്‍ പറയുന്നു. ട്വന്‍റി 20 പരമ്പരയ്ക്കുള്ള 35 പേരുടെ ചുരുക്കപ്പട്ടികയില്‍ വൈഭവിന്‍റെ പേര് ബിസിസിഐ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പിടിഐ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ ടീം കോമ്പിനേഷന്‍ എങ്ങനെ മാറുമെന്നതിലാണ് ആശങ്ക ഉടലെടുത്തിരിക്കുന്നത്. 

'നിലവില്‍ ഇന്ത്യയ്ക്ക് മൂന്ന് ടോപ് ഓപ്പണര്‍മാരാണുള്ളത്. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും സഞ്ജു സാംസണും. വൈഭവിനെ ഓപ്പണറാക്കി ഇറക്കണമെങ്കില്‍ ഇവരില്‍ ഒരാളെ പുറത്തിരുത്തേണ്ടി വരും. മൂന്നുപേരും ട്വന്‍റി 20 ലോകകപ്പ് ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തവരാണ്. ഇനി നാലാമതൊരു ഓപ്പണറെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ യശസ്വി ജയ്സ്വാള്‍ പുറത്തുണ്ട് എന്നതും മറക്കാന്‍ കഴിയില്ല'– ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭിഷേകിനെയും സഞ്ജുവിനെയും പുറത്തിരുത്തുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നും ഫോമിലല്ലാത്ത സൂര്യകുമാറിനെ പുറത്തിരുത്തുന്നത് ചിന്തിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ട്വന്‍റി 20 യില്‍ ക്യാപ്റ്റനാണ് സൂര്യകുമാറെന്നും അത്തരമൊരു ചിന്ത പോലും ആവശ്യമില്ലെന്നും മുന്‍താരങ്ങള്‍ പറയുന്നു. 2024 ലെ ട്വന്‍റി 20 ലോകകപ്പ് മുതല്‍ സൂര്യകുമാറിന് മികച്ച ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. 20 ല്‍ താഴെയാണ് സൂര്യകുമാറിന്‍റെ ശരാശരി.

'വൈഭവ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ യോഗ്യനാണെന്നത് ശരിയാണ്. പക്ഷേ അഭിഷേകിനെയോ സഞ്ജുവിനെയോ പുറത്തിരുത്താന്‍ മതിയായ കാരണം സിലക്ടര്‍മാര്‍ക്ക് മുന്നില്‍ ഇല്ല. അവരില്‍ ഒരാളെ പുറത്തിരുത്തിയാല്‍ സൂര്യകുമാര്‍ ടീമില്‍ തുടരുന്നത് എങ്ങനെയെന്ന് സ്വാഭാവികമായും ചോദ്യം ഉയരും'- ബിസിസിഐ ഉന്നതന്‍ പിടിഐയോട് വ്യക്തമാക്കുന്നു.

ഐപിഎലില്‍ കഴിഞ്ഞ നാല് മല്‍സരങ്ങളിലും സൂര്യയ്ക്ക് ടീമിനായി കാര്യമായി സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ടീമിനെ ഇനിയും നയിക്കാന്‍ സൂര്യകുമാര്‍ യോഗ്യനാണോ എന്നതില്‍ ആശങ്കയുണ്ടെന്നും അയര്‍ലന്‍ഡ് പര്യടനത്തില്‍ സൂര്യകുമാറിന്‍റെ പ്രകടനത്തെ ആശ്രയിച്ചാകും ടീമിലെ തുടര്‍ന്നുള്ള സ്ഥാനമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, ട്വന്‍റി 20 ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തന്‍റെ ഒന്നാമത്തെ ചോയിസ് സൂര്യകുമാര്‍ തന്നെ ആയിരിക്കുമെന്നാണ് കോച്ച് ഗൗതം ഗംഭീര്‍ ബിസിസിഐയെ അറിയിച്ചത്. 

ENGLISH SUMMARY:

The potential inclusion of young sensation Vaibhav Suryavanshi for the India vs Ireland T20 series has triggered a selection dilemma for the BCCI. Reports suggest that to accommodate Vaibhav, either top-order mainstays like Sanju Samson and Abhishek Sharma or struggling captain Suryakumar Yadav might have to sit out. While Vaibhav is considered a top opening prospect, the presence of Ishan Kishan and Yashasvi Jaiswal complicates the opening slots. Concerns are also mounting over Suryakumar Yadav’s form, with his T20 average dropping below 20 since the 2024 World Cup. Despite Gambhir backing Surya as captain, the Ireland tour is seen as a litmus test for several seniors if the board decides to blood new talent like Vaibhav.