ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം തോല്‍വി. ലക്നൗ സൂപ്പര്‍ ജെയ്ന്റ്സ് മൂന്നുവിക്കറ്റിന് കൊല്‍ക്കത്തയെ തോല്‍പിച്ചു. 182 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ലക്നൗ മറികടന്നു. 128 റണ്‍സെടുക്കുന്നതിനിടെ ഏഴുവിക്കറ്റ് നഷ്ടമായ ലക്നൗവിനെ മുകുള്‍ ചൗധരിയുടെ ബാറ്റിങ്ങാണ് വിജയത്തിലെത്തിച്ചത്. 26 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ മുകുള്‍ 54 റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത, 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസാണ് എടുത്തത്. ഓപ്പണര്‍ ഫിൻലി അലനെ ഒന്‍പത് റണ്‍സിന് നഷ്ടമായെങ്കിലും അംഗ്‌ക്രിഷ് രഘുവംശിയും (45) ക്യാപ്റ്റൻ അജിൻക്യ രഹാനെ (41)യും ടീമിനെ മികച്ച തുടക്കം നല്‍കി. ഇരുവരും 84 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. കാമറൂണ്‍ ഗ്രീന്‍ (32*), റോവ്‍മൻ പവൽ (39*) എന്നിവരാണ് അവസാന ഓവറുകളില്‍ ടീം സ്കോര്‍ ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 70 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.
മറുപടി ബാറ്റിങില്‍ ഓപ്പണർമാരായ മിച്ചൽ മാർഷും (15), ഏയ്ഡൻ മാർക്രം (15 പന്തിൽ 22) എന്നിവർ മികച്ച തുടക്കം നല്‍കി. ലക്നൗ അനായസം വിജയിക്കുമെന്ന് തോന്നിയെങ്കിലും വൈഭവ് അറോറയുടെ ബൗളിങില്‍ ടീം പ്രതിരോധത്തിലായി. ഇരുവരെയും വൈഭവ് പുറത്താക്കി. ക്യാപ്റ്റൻ ഋഷഭ് പന്ത് പത്തു റണ്‍സെടുത്ത് പുറത്തായി. പിന്നീടെത്തിയ ബദോനിയുടെ ഇന്നിങ്സാണ് നിര്‍ണായകമായത്.
34 പന്തിൽ 54 റണ്‍സെടുത്ത താരം ഏഴു ഫോറും രണ്ടു സിക്സറും നേടിയ 15–ാം ഓവറിൽ ബദോനി പുറത്തായി. മുകുളും ആവേശ് ഖാനും ഒന്നിച്ചതോടെ അവസാന പന്തില്‍ ടീം ജയിച്ചുകയറി. 54 റണ്‍സെടുത്ത മുകുള്‍ എഴ് സിക്സറും രണ്ട് ബൗണ്ടറിയും നേടി. 16 ഓവറിൽ 7ന് 128 എന്ന നിലയിൽ തകർന്നുനിന്ന ല്കനൗവിനെയാണ് മുകുൾ ഒറ്റയാൾ പോരാട്ടത്തിലൂടെ വിജയത്തിലെത്തിച്ചത്.