ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന റെക്കോര്‍ഡ് അഭിഷേക് ശര്‍മയ്ക്ക്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ നേരിട്ട രണ്ടാം പന്തിലാണ് അഭിഷേക് പുറത്തായത്. ഇതോടെ 2026 ല്‍ ആറാം തവണയാണ് അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്താകുന്നത്.
2018ല്‍ രോഹിത് ശര്‍മയും 2024 ല്‍ സഞ്ജു സാംസണും ആറു തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഈ പട്ടികയിലേക്കാണ് അഭിഷേക് ശര്‍മ എത്തുന്നത്. ഐപിഎല്ലില്‍ മൂന്നു ഇന്നിങ്സുകളിലായി 55 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്. ഇതില്‍ 48 റണ്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ നേടിയതാണ്. ട്വന്റി20 ലോകകപ്പിലും ദയനീയ പ്രകടനമായിരുന്നു അഭിഷേകിന്‍റേത്. എട്ട് ഇന്നിങ്സുകളില്‍ നിന്നായി 141 റണ്‍സാണ് അഭിഷേക് നേടിയത്. മൂന്നു ഡക്കുകളോടെ ലോകകപ്പ് ആരംഭിച്ച അഭിഷേക് ഫൈനലിലടക്കം രണ്ട് അര്‍ധ സെഞ്ചറികളാണ് ലോകകപ്പില്‍ നേടിയത്.
അതേസമയം, മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് അഞ്ചു വിക്കറ്റിന് തോറ്റു. ഓപ്പണിങ് അടക്കം മുന്‍നിര തകര്‍ന്നപ്പോള്‍ 159 റണ്‍സാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന് നേടാനായത്. 62 റണ്‍സ് നേടിയ ഹെൻറിച്ച് ക്ലാസൻ, 56 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ടോപ്പ് സ്കോറര്‍മാര്‍. മറുപടി ബാറ്റിങില്‍ ഒരു പന്ത് ബാക്കി നില്‍കെ ലഖ്നൗ വിജയം കണ്ടു. മാര്‍ക്രം 45 റണ്‍സും ക്യാപ്റ്റന്‍ റിഷഭ് പന്ത് 68 റണ്‍സുമെടുത്തു.