sanjuEntry

ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജു സാംസണ്‍ ഇന്ന് ആദ്യ മല്‍സരത്തിന് ഇറങ്ങും. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചതിന്റെ ആത്മവിശ്വാസവുമായി, മിന്നും ഫോമിലാണ് സഞ്ജു. രാത്രി ഏഴരയ്ക്ക് ഗുവാഹത്തിയിലാണ് രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ പോരാട്ടം. 

5 കൊല്ലം നായകനായ ടീമിന്റെ രണ്ടാം ഹോം ഗ്രൗണ്ടില്‍ എതിരാളിയായി സഞ്ജു സാംസണ്‍ ഇന്നിറങ്ങുന്നു. സഞ്ജുവും ഗെയ്ക്വാദും ചേർന്നാകും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. പരുക്കേറ്റ ധോണി ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് യാത്ര ചെയ്തിട്ടില്ല. ഇടംകയ്യൻ സ്പിൻ ഓൾറൗണ്ടർ പ്രശാന്ത് വീർ ആഭ്യന്തര സർക്യൂട്ടിൽ സിക്സറടി മികവിന് പേരുകേട്ട കാർത്തിക് ശർമ എന്നിവർക്ക് ചെന്നൈ നിരയില്‍ ഇടം ലഭിച്ചേക്കാം. ആയുഷ് മാത്രേ, ശിവം ഡ്യൂബെ എന്നിവരും ബാറ്റിങ്ങിന് കരുത്ത് കൂട്ടുന്നു. 

നൂർ അഹമ്മദ്, അകീൽ ഹൊസൈൻ, മാറ്റ് ഹെൻറി, ഖലീൽ അഹമ്മദ് എന്നിവരുൾപ്പെടുന്ന ബൗളിങ് നിരയും വൈവിധ്യമുള്ളതാണ്.  രവീന്ദ്ര ജഡേജ ചെന്നൈയ്ക്കെതിരെ ഇറങ്ങുന്നുവെന്ന സവിശേഷതയുമുണ്ട്. ടോപ് ഓർഡറിലെ  സീനിയർ താരമെന്ന നിലയിൽ യശസ്വി ജയ്സ്വാളിനെ കേന്ദ്രീകരിച്ചായിരിക്കും രാജസ്ഥാന്റെ ബാറ്റിങ്. കൂടെ 15കാരന്‍ വൈഭവ് സൂര്യവംശിയും മികച്ച ഫോമിലുള്ള ഷിംറോൺ ഹെറ്റ്മെയറുമാണ് ബാറ്റിങ്ങ് പ്രതീക്ഷ. ബോളിങ്ങ് നിരയാണ് ടീമിന് തലവേദന. അഴിച്ചുപണി നടത്തിയെങ്കിലും, ജോഫ്ര ആർച്ചർ നയിക്കുന്ന പേസ് നിരയുടെ സ്ഥിരതയില്ലായ്മ ചോദ്യചിഹ്നമായി തുടരുന്നു. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിന് ശേഷം പുതിയ  തുടക്കമാണ് ചെന്നൈയും രാജസ്ഥാനും ലക്ഷ്യമിടുന്നത്. 

ENGLISH SUMMARY:

Sanju Samson makes his debut for Chennai Super Kings today in his first match against his former team. He is in excellent form, carrying the confidence from his pivotal role in India's T20 World Cup victory.