cameron-green

25.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ച ഓള്‍റൗണ്ടറാണ് ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍. ആൻഡ്രെ റസ്സലിന് പകരക്കാരനായി ഗ്രീനിനെ കളിപ്പിക്കാം എന്നതായിരുന്നു കൊല്‍ക്കത്തന്‍ ഫ്രാഞ്ചൈസിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ അടിവാങ്ങിയപ്പോഴും ഗ്രീനിനെ ടീം പന്തെറിയാന്‍ വിളിച്ചില്ല. പരിചയ സമ്പന്നരായ പേസര്‍മാരില്ലാതെ വലയുന്ന കൊല്‍ക്കത്തയ്ക്ക് ഏറ്റ മറ്റൊരു അടിയാണ് ഗ്രീനിന്‍റെ കാര്യം. 

മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്നാം നമ്പറില്‍ ബാറ്റു ചെയ്ത ഗ്രീന്‍ ഗ്രീന്‍ 10 പന്തില്‍ 18 റണ്‍സാണ് നേടിയത്. പക്ഷെ പന്തെറിയാന്‍ അനുമതിയില്ല. പരുക്കില്‍ നിന്നും മോചിതനായ താരത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയ പന്തെറിയാനുള്ള അനുമതി നല്‍കിയിട്ടില്ല. പുറംവേദനയിൽ നിന്നും മോചിതനായാണ് ഗ്രീന്‍ ഐപിഎല്ലിന് എത്തുന്നത്. 

എന്തുകൊണ്ടാണ് ഗ്രീന്‍ പന്തെറിയാത്തത് എന്ന ചോദ്യത്തിന് ''ആ ചോദ്യം നിങ്ങൾ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ചോദിക്കണം'' എന്നാണ് രഹാനെ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞത്. "ഗ്രീൻ വൈകാതെ പന്തെറിയാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോൾ ടീം കോമ്പിനേഷനിൽ ചെറിയ മാറ്റങ്ങൾ വരും. ഞങ്ങൾ നന്നായി ബാറ്റ് ചെയ്തു, പക്ഷേ ബൗളിങില്‍ ബാലൻസ് കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്'' എന്ന് രഹാനെ പറഞ്ഞു. 

മുൻനിര ഫാസ്റ്റ് ബൗളർമാരുടെ അഭാവം കൊല്‍ക്കത്തന്‍ ടീമിന് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതും മഹേഷ് പരിതാനയ്ക്ക് പരുക്കേറ്റതും ടീമിനെ ബാധിച്ചു. ബ്ലെസിങ് മുസറബാനി. കാര്‍ത്തിക് ത്യാഗി, വൈഭവ് അറോറ എന്നി പേസര്‍മാരാണ് മുംബൈയ്ക്കെതിരെ കളിച്ചത്. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, അന്‍കുല്‍ റോയ് എന്നിവരായിരുന്നു സ്പിന്നര്‍മാര്‍. 

കൊല്‍ക്കത്തയുടെ 220 റണ്‍സ് മുംബൈ ഇന്ത്യന്‍സ് 19.1 ഓവറില്‍ മറികടന്നു. രോഹിത് ശര്‍മ 23 പന്തില്‍ അര്‍ധസെഞ്ചുറി നേടി. 78 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. റിക്കല്‍റ്റന്‍ 84 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 52 റണ്‍സ് വിട്ടുകൊടുത്ത വൈഭവ് അറോറയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 48 റണ്‍സും കാര്‍ത്തിക് ത്യാഗി 43 റണ്‍സും വിട്ടുകൊടുത്തു. 

ENGLISH SUMMARY:

Cameron Green's bowling unavailability is a concern for Kolkata Knight Riders in IPL 2024, impacting their team balance. Despite being acquired for a significant sum, Cricket Australia has not yet cleared him to bowl due to a back injury.