Image Credit: AFP

മധ്യപൂര്‍വ ദേശത്ത് യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഇന്ധന പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് പാക്കിസ്ഥാന്‍. വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണ് പുതിയ തീരുമാനം. ആറ് നഗരങ്ങളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്‍റ് നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് രണ്ട് വേദികളിലേക്കായും ചുരുക്കി. ലഹോറില്‍ നടത്താനിരുന്ന ഉദ്ഘാടനച്ചടങ്ങും ഉപേക്ഷിച്ചു.

ഫൈസലാബാദ്, പെഷവര്‍, റാവല്‍പിണ്ടി, മുള്‍ട്ടാന്‍,ലഹോര്‍, കറാച്ചി എന്നിങ്ങനെയാണ് പിഎസ്എലിന് നേരത്തേ വേദികള്‍ നിശ്ചയിച്ചിരുന്നത്. പുതിയ നിയന്ത്രണം നിലവില്‍ വന്നതോടെ ലഹോറിലും കറാച്ചിയിലുമായി മല്‍സരങ്ങള്‍ ചുരുക്കുകയായിരുന്നു. ഉദ്ഘാടന മല്‍സരവും ഫൈനലും ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാകും നടക്കുക. 

ക്രിക്കറ്റ് കലണ്ടറിൽ മറ്റ് ഒഴിവുകളില്ലാത്തതിനാൽ പുതുക്കിയ പദ്ധതിയുമായി മുന്നോട്ട് പോവുകയല്ലാതെ ബോർഡിന് മറ്റ് മാർഗമില്ലായിരുന്നുവെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പറഞ്ഞു.  പശ്ചിമേഷ്യന്‍ പ്രതിസന്ധി അയയുന്ന മുറയ്ക്ക് ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ കാണികളെ പ്രവേശിപ്പിക്കുന്നത് പരിഗണിക്കും. വേദി നഷ്ടമായ നഗരങ്ങളോട് നഖ്‌വി ക്ഷമാപണം നടത്തി. 'വിദേശ താരങ്ങള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് പാക്കിസ്ഥാന്‍റെ രാജ്യാന്തര ബ്രാന്‍ഡാണ്. ടൂര്‍ണമെന്‍റ് മാറ്റി വയ്ക്കുന്നത് നിലവില്‍ പ്രായോഗികമായ കാര്യമല്ല. ഈ വര്‍ഷം ഇനി വിന്‍ഡോ ശേഷിക്കുന്നില്ലെന്നതാണ് കാരണം. അതുകൊണ്ട് വിശദമായ കൂടിയാലോചനയ്ക്ക് ശേഷം നിശ്ചയിച്ച തീയതിയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു'- നഖ്വി വിശദീകരിച്ചു.

കാണികളില്ലാത്തതോടെ ഫ്രാഞ്ചൈസികള്‍ക്കുണ്ടാകുന്ന നഷ്ടം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നികത്തും. കറാച്ചിയും ലഹോറുമൊഴികെയുള്ള ഇടങ്ങളില്‍ ടിക്കറ്റെടുത്തവര്‍ക്ക് 72 മണിക്കൂറിനകം പണം തിരികെ നല്‍കുമെന്നും പിസിബി ചെയര്‍മാന്‍ വ്യക്തമാക്കി. കടുത്ത നഷ്ടം സഹിച്ചും ടൂര്‍ണമെന്‍റുമായി മുന്നോട്ടുപോകാന്‍ സ്പോണ്‍സര്‍മാരും ഓഹരിയുടമകളും ഉറച്ച പിന്തുണ നല്‍കിയെന്നും ചിലര്‍ സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു. പിഎസ്എലിനെത്തുന്ന താരങ്ങളുടെ സുരക്ഷ മുന്‍വര്‍ഷങ്ങളിലേത് പോലെ രാജ്യാന്തര നിലവാരത്തില്‍ ഒരുക്കുമെന്നും അതില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയ് മൂന്നിനാണ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

The Pakistan Super League (PSL) 2026 will be held in empty stadiums due to the severe fuel crisis in Pakistan triggered by the Middle East war. PCB Chairman Mohsin Naqvi announced that the tournament is scaled down to two venues—Lahore and Karachi—instead of six. All tickets will be refunded within 72 hours. The final is scheduled for May 3 at Gaddafi Stadium, Lahore.