പെട്രോള്‍ പമ്പുകളില്‍ കാനില്‍ ഇന്ധനം നല്‍കുന്നത് നിരോധിച്ചു. ഇന്ധനം കഴിഞ്ഞ് വഴിയില്‍ കുടുങ്ങുന്ന യാത്രക്കാര്‍ക്കാണ് വലിയ തിരിച്ചടി. വണ്ടി ഉന്തി പമ്പില്‍ എത്തിക്കേണ്ട അവസ്ഥയാണ്. 7500 രൂപ വിലയുള്ള പ്രത്യേക കാന്‍ വാങ്ങിയാല്‍ മാത്രം ഇന്ധനം പകര്‍ന്നു കിട്ടും. 

തൃശൂരില്‍ ഉദ്യാന നിര്‍മാണ വിദഗ്ധനാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ സലിമോന്‍. മണ്ണുത്തിയിലെ നഴ്സറിയില്‍ നിന്ന് ചെടികള്‍ വാങ്ങാന്‍ ബൈക്കില്‍ പോയതായിരുന്നു. വഴിമധ്യേ, പെട്രോള്‍ തീര്‍ന്നു. പരിചയക്കാരന്‍റെ ബൈക്ക് സംഘടിപ്പിച്ച് മണ്ണുത്തി വെട്ടിക്കലിലെ പമ്പില്‍ ചെന്നു. കാനിലോ കുപ്പിയിലോ പെട്രോള്‍ തരാന്‍ പറഞ്ഞു. പമ്പ് ജീവനക്കാര്‍ കൈമലര്‍ത്തി. പുതിയ നിര്‍ദ്ദേശപ്രകാരം അങ്ങനെ പെട്രോള്‍ നല്‍കാന്‍ പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞു. പരിചയക്കാരന്‍റെ ബൈക്ക് തിരിച്ചു കൊടുത്ത ശേഷം സ്വന്തം വണ്ടി രണ്ടരക്കിലോമീറ്റര്‍ ഉന്തി പമ്പില്‍ എത്തിച്ചു. 

കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം ഒരുകാരണവശാലും കാനിലും കുപ്പിയിലും പെട്രോള്‍ നല്‍കാന്‍ പറ്റില്ലെന്ന് പമ്പ് നടത്തിപ്പുക്കാര്‍ പറഞ്ഞു. പിന്നെ, ആകെ പകര്‍ന്നു നല്‍കാന്‍ നിയമപരമായി അനുവദിക്കുന്നത് 7500 രൂപ വിലയുള്ള കാനിലാണ്. ഇതാണെങ്കില്‍ ഇതുവരെ കണ്ടിട്ടുമില്ല, കിട്ടാനുമില്ല. നൂറു രൂപയ്ക്കു പെട്രോള്‍ വാങ്ങാന്‍ വരുന്നവര്‍ എങ്ങനെ 7500 രൂപയുടെ കാന്‍ വാങ്ങും. പുല്ല് ചെത്തുന്ന മെഷീനില്‍ പെട്രോള്‍ ഒഴിക്കാന്‍ എങ്ങനെ വാങ്ങും?. ജനറേറ്ററുകളിലേയ്ക്കുള്ള ഡീസല്‍ വേണമെങ്കില്‍ 7500 രൂപ മുടക്കി മുന്തിയ കാനില്‍ വാങ്ങാം. സാധാരണക്കാരന്‍റെ അവസ്ഥയാണ് കഷ്ടം. 

ENGLISH SUMMARY:

Petrol bunk rules now prohibit dispensing fuel into cans, significantly impacting travelers who run out of fuel. This new regulation requires purchasing a special, expensive canister to receive any fuel, causing hardship for many