ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ  അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നപ്പോൾ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ 'നഷ്ടക്കണക്ക്' പറഞ്ഞു പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി വർദ്ധിപ്പിക്കുകയായിരുന്നുവെന്ന് ഇടത് എംപി എഎ റഹിം. എന്നാൽ ഇപ്പോൾ യുദ്ധസമാനമായ സാഹചര്യങ്ങൾ മാറി, ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില യുദ്ധത്തിന് മുൻപുണ്ടായിരുന്നതിനേക്കാൾ താഴ്ന്ന നിരക്കിലെത്തി. അന്താരാഷ്ട്ര എണ്ണവിപണിയിൽ ക്രൂഡോയിൽ വില കൂപ്പുകുത്തിയിട്ടും ഇന്ത്യയിൽ മാത്രം പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താവായ ഇന്ത്യ, പ്രതിദിനം ഏതാണ്ട് 5.7 മുതൽ 6 ദശലക്ഷം ബാരൽ എണ്ണയാണ് ഉപയോഗിക്കുന്നത്. നമ്മുടെ ആകെ എണ്ണ ആവശ്യകതയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ മുൻപെങ്ങുമില്ലാത്ത വിധം കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്ന് വലിയ തോതിൽ എണ്ണ വാങ്ങിയിട്ടും, ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചിട്ടും അതിന്റെയൊന്നും ആനുകൂല്യം സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ ഭരണകൂടം തയ്യാറാകുന്നില്ല.

അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ സർക്കാർ ഖജനാവ് നിറയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിന് കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇന്ധന നികുതിയായും സെസ്സായും സാധാരണക്കാരന്റെ പോക്കറ്റിൽ നിന്ന് ഈടാക്കുന്നത്. ഇന്ധനവില വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ചരക്കുകൂലി വർദ്ധനവിനും കാരണമായി ജനജീവിതം ദുസ്സഹമാക്കുമ്പോഴും ഈ കൊള്ള തുടരുകയാണ്. 

ആഗോള വിപണിയിൽ വില കൂടുമ്പോൾ മണിക്കൂറുകൾക്കകം ഇവിടെ വില കൂട്ടാൻ കാണിക്കുന്ന അതേ ' താൽപ്പര്യം ' വില കുറയുമ്പോൾ ജനങ്ങൾക്ക് ആശ്വാസം നൽകാൻ എന്തുകൊണ്ട് കേന്ദ്രസർക്കാർ കാണിക്കുന്നില്ല?.  എണ്ണക്കമ്പനികളുടെ വൻ ലാഭത്തിനും സർക്കാരിന്റെ നികുതിക്കൊള്ളയ്ക്കും വേണ്ടി സാധാരണക്കാരനെ പിഴിയുന്ന ഈ സമീപനം ഇനിയെങ്കിലും കേന്ദ്രസർക്കാർ  അവസാനിപ്പിച്ചേ മതിയാകൂ. – അദ്ദേഹം കുറിച്ചു. 

ENGLISH SUMMARY:

India fuel price hikes are being criticized by Left MP A.A. Rahim, who states that despite falling international crude oil prices, the Indian government is not reducing petrol and diesel prices. This approach is seen as enriching the government treasury at the expense of common citizens, who face increased living costs due to higher fuel expenses.