Image credit: PTI
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സാധ്യത ടീം ബിസിസിഐ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. 20 അംഗ സാധ്യത ടീമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവരുടെ പ്രകടനം സെലക്ടര്‍മാര്‍ ഐപിഎല്ലിലുടനീളം പരിശോധിക്കും. 2027 ഒക്ടോബര്‍– നവംബര്‍ മാസത്തില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവിടങ്ങളിലാണ് ഏകദിന ലോകകപ്പ് നടക്കുക.
അജിത് അഗാര്‍ക്കര്‍ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റി ഓരോ മൈതനങ്ങളിലെയും ഐപിഎല്‍ മത്സരങ്ങള്‍ കാണും. എസ്എസ് ദാസ്, ആര്‍പി സിങ്, അജയ് രത്ര, പ്രഗ്യാന്‍ ഓജ എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്. ടിവിയിലും മൈതാനത്തുമായി ഐപിഎല്‍ മത്സരങ്ങളില്‍ ഇവരുടെ പ്രകടനം വിലയിരുത്തും. അഗാര്‍ക്കര്‍ മുംബൈയിലെയും എസ്.എസ് ദാസ് കൊല്‍ക്കത്തയിലെയും മത്സരങ്ങള്‍ കാണും. ആര്‍.പി സിങ്, രത്ര എന്നിവര്‍ ഡല്‍ഹിയിലും പ്രഗ്യാന്‍ ഓജ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെയും മത്സരങ്ങളും നേരിട്ടെത്തി കാണും. ഓരോ സെലക്ടര്‍മാരും ആഴ്ചയില്‍ ഒരു മത്സരമെങ്കിലും സ്റ്റേഡിയത്തിലെത്തി കാണണം എന്നാണ് ബിസിസിഐ നിര്‍ദ്ദേശിക്കുന്നത്.
2028 ല്‍ ട്വന്‍റി 20 ലോകകപ്പും ഒളിംപിക്സും നടക്കുന്നുണ്ടെങ്കിലും ലോകകപ്പിലേക്കുള്ള ടീമിനെ മാത്രമാണ് പരിദണിക്കുന്നത്. ടീം അംഗങ്ങളെ നേരത്തെ പരിഗണിച്ചതിനാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഐപിഎല്ലില്‍ ഏകദിന സ്പെഷ്യലിസ്റ്റുകളായ താരങ്ങളുടെ പ്രകടനവും ശാരീരികക്ഷമതയുമാണ് ട്രാക്ക് ചെയ്യുക. ഹര്‍ഷിത് റാണയ്ക്ക് പരുക്കില്‍ നിന്നും മോചിതനാകാന്‍ സമയമെടുക്കും. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ, അര്‍ഷദീപ് സിങ്, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് പരിഗണിക്കുന്ന പേസര്‍മാര്‍.