ട്വന്റി 20 ലോകകപ്പില്‍ പൂര്‍ണ ഫിറ്റ്നസ് ഇല്ലാത്ത താരങ്ങളെ പാകിസ്ഥാന‍് ടീമില്‍ ഉള്‍പ്പെടുത്തിയെന്ന് സംശയം. സെലക്ടര്‍മാരുടെ ആവശ്യപ്രകാരം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം തുടങ്ങി.

ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ടീമിൽ പുതുമുഖങ്ങളായ ആറുപേർ ഇടംപിടിച്ചപ്പോൾ, പ്രമുഖ താരങ്ങളായ ബാബർ അസമിനെയും ഫഖർ സമാനെയും ഒഴിവാക്കിയിരുന്നു. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ മിസ്ബാ ഉൾ ഹഖ്, സർഫറാസ് അഹമ്മദ്, അസദ് ഷഫീഖ് എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ആഖിബ് ജാവേദാണ് ഇരുവരെയും ഒഴിവാക്കിയതിനുള്ള കാരണം വിശദീകരിച്ചത്. 

ലോകകപ്പ് കഴിഞ്ഞതിന് ശേഷം മാത്രമാണ് ബാബറിനും ഫഖറിനും പരുക്കുണ്ടെന്ന വിവരം സിലക്ടർമാർ അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഇരുവർക്കും എങ്ങനെയാണ് പരുക്കേറ്റതെന്ന് കണ്ടെത്താൻ അന്വേഷണം നടത്തണമെന്ന് സിലക്ടർമാർ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൂര്‍ണഫിറ്റ്നസ് ഇല്ലാതെയാണ് ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സംശയം. നാലുമല്‍സരങ്ങളില്‍ 22 ശരാശരിയില്‍ 91 റണ്‍സ് മാത്രമാണ് ബാബര്‍ നേടിയത്. അഞ്ചുമല്‍സരങ്ങളില്‍ നിന്ന് ഒരു അര്‍ധസെഞ്ചുറി ഉള്‍പ്പടെ 138 റണ്‍സാണ് ഫഖര്‍ സമാന്‍ നേടിയത്. സെമിഫൈനല്‍ കാണാതെ പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു.

ENGLISH SUMMARY:

T20 World Cup Pakistan selection controversy is brewing as concerns arise over the inclusion of players not fully fit. The Pakistan Cricket Board has initiated an inquiry following requests from selectors to investigate the circumstances surrounding player selections.