പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ഉപേക്ഷിച്ച് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി കരാറിലെത്തിയ സിംബാബ്‌വെ പേസര്‍ ബ്ലസിങ് മുസറബനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാക്ക് ക്രിക്കറ്റ് ബോര്‍ഡ്. ഇസ്‍ലാമാബാദ് യുണൈറ്റഡ് താരം മുസറബനി ഐപിഎല്ലില്‍ നിന്നും ഓഫറെത്തിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കൈകൊടുക്കുകയായിരുന്നു. ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് പകരക്കാരനായാണ് മുസറബനി എത്തുന്നത്. അതേസമയം, പാക്ക് ക്രിക്കറ്റ് ബോര്‍ഡ് നടപടിയെടുത്താലും ഇതിനെ മറികടക്കാനുള്ള ശമ്പളം താരത്തിന് ഐപിഎല്ലില്‍ നിന്നും ലഭിക്കുന്നുണ്ട്. 

ഐപിഎല്ലിലേക്ക് എത്തിയതോടെ സിംബാബ്‍വെ പേസര്‍ മുസറബനിക്ക് ശമ്പളം ഇരട്ടിച്ചത് 100 ശതമാനമാണ്. വിന്‍ഡീസ് താരം ഷാമര്‍ ജോസഫിന് പകരക്കാരനായാണ് മുസറബനി പിഎസ്‍എല്ലില്‍ ഇസ്‍ലാമാബാദ് യുണൈറ്റഡിലെത്തിയത്. 1.1 കോടി പാക്ക് രൂപയ്ക്കാണ് മുസറബനിയെ ടീമിലെത്തിച്ചത്. ഇത് ഏകദേശം 36.44 ലക്ഷം  ഇന്ത്യന്‍ രൂപ വരും. 75 ലക്ഷം രൂപയ്ക്കാണ് കൊല്‍ക്കത്ത ഫ്രാഞ്ചൈസി മുസറബനിയെ ടീമിലെടുത്തത്. അതായത്, 106 ശതമാനം വര്‍ധനവാണ് ശമ്പളത്തിലുള്ളത്. 

കരാര്‍ ഒഴിഞ്ഞതിന് പിന്നാലെ പിസിബി മുസറബനിക്കെതിരെ നടപടിയെടുക്കും എന്നാണ് വിവരം. അതിനെ നേരിടാനുള്ള തുക കൂടി ഐപിഎല്‍ ശമ്പളത്തിലൂടെ ലഭിച്ചു. ഇതാദ്യമായല്ല പിഎസ്‍എല്ലിന് ഈ ഗതി വരുന്നത്. കഴിഞ്ഞ വര്‍ഷം പിഎസ്‍എല്ലില്‍ പെഷവാര്‍ സാല്‍മിയുടെ താരമായിരുന്ന ദക്ഷിണാഫ്രിക്കയുടെ കോര്‍ബിന്‍ ബോഷ് പകരക്കാരനായി മുംബൈ ഇന്ത്യന്‍സിലെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ബോഷിനെ ഒരു വര്‍ഷം പിഎസ്‍എല്ലില്‍ നിന്നും ബാന്‍ ചെയ്തിരുന്നു. 

ട്വന്‍റി 20 ലോകകപ്പില്‍ 13 വിക്കറ്റെടുത്ത താരമാണ് മുസറബനി. 29 കാരന്‍റെ പ്രകടനം സിംബാബ്‍വെയെ സൂപ്പര്‍ എട്ടിലെത്തിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ മൂന്നാമനാണ് മുസറബനി. 80 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്നായി 90 വിക്കറ്റാണ് മുസറബനി നേടിയത്. ഇത് രണ്ടാം തവണയാണ് മുസറബനി ഐപിഎല്ലിലെത്തുന്നത്. നേരത്തെ ആര്‍സിബിയുടെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും മുസറബനി കളിച്ചിരുന്നില്ല. 

ENGLISH SUMMARY:

Zimbabwean pacer Blessing Muzarabani has ditched Islamabad United in PSL to join Kolkata Knight Riders (KKR) for IPL 2026 as a replacement for Mustafizur Rahman. Following his exit, the Pakistan Cricket Board (PCB) is reportedly seeking legal action. Muzarabani's IPL contract of ₹75 lakh marks a 106% salary hike compared to his PSL pay. With KKR's Matheesha Pathirana injured, Muzarabani might feature in the opening match against Mumbai Indians on March 29. Stay updated on the IPL vs PSL player row.