cyber-attack-on-kavya-maran

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അബ്രാര്‍ അഹമ്മദിനെ ഇംഗ്ലണ്ടിലെ  ഫ്രാഞ്ചൈസി ടൂര്‍ണമെന്‍റായ 'ദ് ഹണ്ട്രഡി'ന്‍റെ ലേലത്തില്‍ സ്വന്തമാക്കിയതിന് കാവ്യാമാരന് നേരെ വന്‍ സൈബര്‍ ആക്രമണം. 2.34 കോടിയിലേറെ രൂപ നല്‍കിയാണ് സണ്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്സ് ലീഡ്സ് അബ്രാറിനെ വാങ്ങിയത്. താരലേലത്തില്‍ സണ്‍റൈസേഴ്സ് സിഇഒ കാവ്യാമാരന്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങള്‍ കൂടി പുറത്ത് വന്നതോടെയാണ് വ്യാപക വിമര്‍ശനവും സൈബര്‍ ആക്രമണവും ആരംഭിച്ചത്. പിന്നാലെ സണ്‍റൈഴ്സ് ലീഡ്സിന്‍റെ എക്സ്  ഹാന്‍ഡില്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.  ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്. അതേസമയം ഏത് ചട്ടമാണ് ലംഘിച്ചതെന്ന് എക്സ് വ്യക്തമാക്കിയിട്ടില്ല.

'ബ്യൂട്ടി വിത്തൗട്ട് ബ്രെയിന്‍സ്' എന്നാണ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ കാവ്യയുടെ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെ  പരിഹസിച്ച പാക് താരത്തെ സ്വന്തം ടീമിലെടുത്തത്തിലൂടെ എന്ത് സന്ദേശമാണ് കാവ്യ രാജ്യത്തിന് നല്‍കുന്നതെന്നാണ് മറ്റു ചിലരുടെ ചോദ്യം. ഏഷ്യാകപ്പ് ടൂര്‍ണമെന്‍റിനിടെയാണ് അബ്രാര്‍ ഇന്ത്യന്‍ സൈന്യത്തെ അപഹസിക്കുന്നതിന് സമാനമായ അംഗവിക്ഷേപങ്ങള്‍ ഗ്രൗണ്ടില്‍ നിന്നും കാണിച്ചത്. എന്നാല്‍ എതിര്‍പ്പുണ്ടാകുമെന്ന് അറിഞ്ഞിട്ടും യാതൊരു മടിയുമില്ലാതെയാണ് കാവ്യ പാക് താരത്തെ ലേലത്തിലെടുത്തതെന്നും രാഷ്ട്രീയത്തിനപ്പുറം പ്രതിഭയിലാണ് അവര്‍ ശ്രദ്ധിച്ചതെന്നും ഇതാണ് യഥാര്‍ഥ ധൈര്യമെന്നും മറ്റൊരാള്‍ കുറിച്ചു. കാവ്യാമാരന് പുറമെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ പേജിലും കമന്‍റുകള്‍ നിറയുന്നുണ്ട്.

ആദ്യമായാണ് ഒരു ഇന്ത്യന്‍ ഫ്രാഞ്ചൈസി പാക് താരത്തെ  'ദ് ഹണ്ട്രഡ്' ലേലത്തിലെടുക്കുന്നത്.  190,000 പൗണ്ടാണ്  (ഏകദേശം 2.34 കോടി രൂപ) അബ്രാറിനായി സണ്‍റൈസേഴ്സ് ലീഡ്സ് മുടക്കിയത്. മുംബൈ ഇന്ത്യന്‍സിന്‍റെ ഉടമസ്ഥതയിലുള്ള  MI ലണ്ടന്‍, ലക്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ മാ​‍ഞ്ചസ്റ്റര്‍  സൂപ്പര്‍ ജയന്‍റ്സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ സതേണ്‍ ബ്രാവ് എന്നിവയാണ് ദ് ഹണ്ട്രഡിലെ ഐപിഎല്‍ ബന്ധമുള്ള ഫ്രാഞ്ചൈസികള്‍. ഒരു ക്രിക്കറ്റ് താരത്തോടും രാജ്യത്തിന്‍റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുകയില്ലെന്നതായിരുന്നു ദ് ഹണ്ട്രഡിന്‍റെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെയും പ്രഖ്യാപിത നയം. അതുകൊണ്ടാണ് ലേലത്തില്‍ അബ്രാറിനെ എടുത്തതെന്നാണ് ലീഡ്സ് നല്‍കുന്ന അനൗദ്യോഗിക വിശദീകരണം. 

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യാ–പാക് ബന്ധം പൂര്‍വാധികം വഷളാകുകയും പാക് ബന്ധമുള്ള സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. ആ നിരോധനം  ഇപ്പോഴും തുടരുന്നു. എന്നാല്‍ ലീഡ്സിന്‍റെ എക്സ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത് ഇതേ കാരണം കൊണ്ടാണെന്നതിന് നിലവില്‍ തെളിവുകളില്ല. 

ENGLISH SUMMARY:

Sunrisers CEO Kavya Maran is facing heavy cyber trolling after Sunrisers Leeds bought Pakistan spinner Abrar Ahmed in The Hundred auction for £190,000. Social media criticism intensified after images of Kavya Maran at the auction went viral. Some users questioned the decision citing past controversies involving the player, while others defended the move as a talent-based selection beyond politics. Amid the online backlash, the X account of Sunrisers Leeds was suspended for alleged rule violations, though the platform has not clarified the exact reason.