sanju-samson-charulatha

ലോകകപ്പ് വിജയത്തിന് പിന്നാലെ ഭാര്യ ചാരുലതയോട് നന്ദി പറഞ്ഞ് സഞ്ജു സാംസണ്‍.  ക്രിക്കറ്റ് തന്റെ ജീവിതത്തില്‍ എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കിയതിനും, അതിനെ നിന്റേത് കൂടിയാക്കി മാറ്റിയതിനും നന്ദിയെന്ന് സഞ്ജു കുറിച്ചു. ഈ നിമിഷത്തിനായി താന്‍ ആഗ്രഹിച്ചതും സ്വപ്നം കണ്ടതും അതേ തീവ്രതയോടെയും ആവേശത്തോടെയും ചാരുവും ആഗ്രഹിച്ചിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ സഞ്ജു കുറിച്ചു. 

'നിന്നെ കണ്ടുമുട്ടിയ ആ ദിവസം മുതല്‍ എന്റെ ജീവിതത്തിലെ ഈ നിമിഷം വരെ... എന്റെ കൂടെ നിന്നതിനും, ഞാന്‍ ആരാണെന്ന് മനസ്സിലാക്കി എന്നെ സ്‌നേഹിച്ചതിനും, പുറംലോകത്തിന് ഞാന്‍ എങ്ങനെയുള്ളവനായാലും എന്നോട് എന്നും സത്യസന്ധത പുലര്‍ത്തിയതിനും നിനക്ക് ഒത്തിരി നന്ദി.. എന്റെ നല്ല വശങ്ങളും മോശം വശങ്ങളും ഒരുപോലെ കണ്ടിട്ടും നീ എനിക്കൊപ്പം ഉറച്ചുനിന്നു. ക്രിക്കറ്റ് എന്റെ ജീവിതത്തില്‍ എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കിയതിനും, അതിനെ നിന്റേത് കൂടിയാക്കി മാറ്റിയതിനും നന്ദി. ഈ നിമിഷത്തിനായി ഞാന്‍ ആഗ്രഹിച്ചതും സ്വപ്നം കണ്ടതും അതേ തീവ്രതയോടെയും ആവേശത്തോടെയും നീയും ആഗ്രഹിച്ചു. എന്റെ പ്രിയപ്പെട്ട പെണ്ടാട്ടിക്ക് ഒരുപാട് നന്ദി,' സഞ്ജു കുറിച്ചു. 

ലോകകപ്പില്‍ വെറും 5 മല്‍സരങ്ങളില്‍ നിന്നും 321 റണ്‍സ് നേടിയാണ് സഞ്ജു ശക്തമായ തിരിച്ചുവരവ് നടത്തിയത്. ടൂര്‍ണമെന്റിലെ താരമായും സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായിട്ടാണ് ടൂര്‍ണമെന്റിലെ താരമായി ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുന്നത്.  ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് താരം.