Image: PTI
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഒട്ടും ഫോമിലല്ലാത്ത അഭിഷേക് ശര്‍മയെ ടീമില്‍ നിന്നും മാറ്റി പകരം റിങ്കുസിങ്ങിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്കര്‍ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. ടൂര്‍ണമെന്റിലുടനീളം മോശം പ്രകടനം കാഴ്ചവച്ച അഭിഷേക് ഒരുതവണ മാത്രമാണ് അര്‍ധ സെഞ്ചറി കടന്നത്. സ്പിന്‍ ബോളിങ്ങിനു മുന്‍പില്‍ പതറുന്ന താരം തന്റെ പിഴവുകളില്‍ നിന്നും പാഠം പഠിപ്പിക്കുന്നില്ലെന്നും ഗാവസ്കര്‍ പറയുന്നു.
സെമി ഫൈനലിലും വളരെ മോശം പ്രകടനമാണ് അഭിഷേക് ശര്‍മ നടത്തിയിരുന്നത്. ഏഴ് പന്തിൽ ഒൻപത് റൺസെടുത്ത് പുറത്തായ താരം ടൂർണമെന്റിലുടനീളം 12.71 ശരാശരിയിൽ വെറും 89 റൺസ് മാത്രമാണ് നേടിയത്. ഫൈനലില്‍ താരത്തെ പരീക്ഷിക്കരുതെന്നും ഗാവസ്കര്‍ ആവശ്യപ്പെടുന്നു. അതേസമയം സഞ്ജു സാംസണിനൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറായി ഇറക്കണമെന്നും ഗാവസ്കര്‍ ആവശ്യപ്പെട്ടു.
ബാറ്റിങ് നിരയിലെ മാറ്റത്തിനൊപ്പം ബോളിങ് നിരയിലും മാറ്റം വേണമെന്നും ഫോമിലല്ലാത്ത വരുൺ ചക്രവർത്തിക്ക് പകരം കുൽദീപ് യാദവിനെ ഫൈനലിൽ കളിപ്പിക്കാമെന്നുമാണ് ഗാവസ്കര്‍ പറയുന്നത്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വരുണ്‍ ചക്രവര്‍ത്തി നാല് ഓവറിൽ 64 റൺസ് വിട്ടുകൊടുത്തിരുന്നത് വലിയ ആശങ്കയാണ് ടീമില്‍ സൃഷ്ടിച്ചിരിക്കുന്നത്.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വൈകിട്ട് 7ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ന്യൂസിലഡിനെ നേരിടും. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തകര്‍ത്തു കളിച്ച സഞ്ജു സാംസണിലാണ് ടീമിന്റെ പ്രതീക്ഷ. 20 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന് അഹമ്മദാബാദിലെ കൂറ്റൻ വേദിയിൽ കൊടിയിറങ്ങുമ്പോൾ, സൂര്യകുമാർ യാദവിനും സംഘത്തിനും പിന്തുണയുമായി വന്‍ ഗാലറി ഒപ്പമുണ്ടാകുമെങ്കിലും സമീപകാല ലോക ഫൈനലുകളിൽ ഈ എതിരാളികളെക്കുറിച്ചോ വേദിയെക്കുറിച്ചോ ഇന്ത്യക്ക് അത്ര നല്ല ഓർമകളല്ല ഉള്ളത്. ഇത് ടീം ആരാധകരിലും അല്‍പം ആശങ്ക നിറയ്ക്കുന്നുണ്ട്.