India's Jasprit Bumrah celebrates after taking the wicket of New Zealand's captain Mitchell Santner during the 2026 ICC Men's T20 Cricket World Cup final match between India and New Zealand at the Narendra Modi Stadium in Ahmedabad on March 8, 2026. (Photo by Punit PARANJPE / AFP)
ഇന്ത്യയുടെ ആ എക്സ് ഫാക്ടര്‍ അത് ജസ്പ്രീത് ബുംറയല്ലാതെ മറ്റാര്? ടൂര്‍ണമെന്‍റിലുടനീളം എതിരാളികളുടെ പേടി സ്വപ്നമായിരുന്നു ബുംറ. ഫൈനലില്‍ ബുംറ കളിയിലെ താരമായാല്‍ അതിശയിക്കാനില്ലെന്ന് തലേന്നേ പ്രവചിച്ചത് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്കാണ്. ബുംറയെക്കാള്‍ മികച്ച താരമില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണും ആവര്‍ത്തിച്ചു. അതൊന്നും വെറുതേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബുംറ.
കിരീടം കാക്കാനിറങ്ങിയ പോരാട്ടത്തില്‍ നിര്‍ണായകമായ നാലു വിക്കറ്റുകള്‍. അതും എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ രചിന്‍ രവീന്ദ്രയുടെ വിക്കറ്റ്. പിന്നാലെ ജെയിംസ് നീഷാം, മാറ്റ് ഹെന്റി,മിച്ചല്‍ സാന്‍റ്നര്‍ എന്നിവരുടെയും വിക്കറ്റുകള്‍. 3.80 ഇക്കോണമിയില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് ബുംറയുടെ മിന്നും പ്രകടനം. ട്വന്റി 20 ലോകകപ്പ് ഫൈനലിലെ ഒരു പേസറുടെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനവും ബുംറയുടെ പേരിലാണ്. ശ്രീലങ്കയുടെ അജന്ത മെന്‍ഡിസാണ് (4/12) ഒന്നാമന്‍.
നാട്ടില്‍ നേടിയ ഈ വിജയത്തിന് ഇരട്ടി മധുരമാണെന്നായിരുന്നു കിരീടനേട്ടത്തിന് പിന്നാലെ ബുംറയുടെ പ്രതികരണം. ' ഈ ജയം അങ്ങേയറ്റം സ്പെഷലാണ്. എന്‍റെ സ്വന്തം ഗ്രൗണ്ടില്‍ ഒരു മല്‍സരം കളിച്ചു, അത് ജയിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ ഇന്ന് അതിന് കഴിഞ്ഞു. വിക്കറ്റ് ഫ്ലാറ്റാണെന്ന് എനിക്ക് മനസിലായി. അതുകൊണ്ട് തന്നെ എല്ലാ പരിചയസമ്പത്തും ഉപയോഗിച്ചു' ബുംറ കൂട്ടിച്ചേര്‍ത്തു.
ട്വന്‍റി 20 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ബുംറ ഒന്നാമതെത്തി. 40 വിക്കറ്റുകളാണ് ബുംറയ്ക്കുള്ളത്. 36 വിക്കറ്റുകളുള്ള അര്‍ഷ്ദീപ് സിങാണ് രണ്ടാമത്. 33 വിക്കറ്റുകളുമായി ഹാര്‍ദിക് പാണ്ഡ്യയാണ് മൂന്നാമത്. ഇംഗ്ലണ്ടിനെതിരെ സെമിയിലും ബുംറയുടെ അസാധ്യ പ്രകടനം ക്രിക്കറ്റ് ലോകം കണ്ടു. 499 റണ്‍സ് രണ്ട് ടീമുകളും അടിച്ചു കൂട്ടിയ മല്‍സരത്തില്‍ 8.25 ആയിരുന്നു ബുംറയുടെ ഇക്കോണമി.
ബുംറയ്ക്കൊപ്പം അക്സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ചേര്‍ന്നതോടെ കിവീസിന്‍റെ കിരീട മോഹങ്ങള്‍ പൊലിഞ്ഞു. ടിം സെയ്ഫെര്‍ട്ടും(52) മിച്ചര്‍ സാന്‍റ്ന(43)റും മാത്രമാണ് കിവീസ് നിരയില്‍ പിടിച്ച് നിന്നത്. ടോപ് ഓര്‍ഡറിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് കിരീടപ്പോരില്‍ ഇന്ത്യയെ തുണച്ചത്. ടൂര്‍ണമെന്‍റിലെ വെടിക്കെട്ട് പ്രകടനം അഭിേഷക് ശര്‍മ പുറത്തെടുത്തപ്പോള്‍ സഞ്ജു ക്ലാസും മാസും ചേര്‍ന്ന പ്രകടനം ആവര്‍ത്തിച്ചു. പിന്നാലെയെത്തിയ ഇഷാന്‍ കിഷനും അര്‍ധ സെഞ്ചറിയുമായി കൂടിയതോടെ സ്കോര്‍ കുതിച്ചു. നിശ്ചിത 20 ഓവറില്‍ 255 റണ്‍സ് ഇന്ത്യ അടിച്ചുകൂട്ടി. മറുപടി ബാറ്റിങിനിറങ്ങിയ കിവീസാവട്ടെ 159 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടായി.