Image Credit: PTI, ANI
ചാംപ്യന്‍സ് ട്രോഫിയും ട്വന്‍റി 20 ലോകകപ്പും സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്ക് ഇറങ്ങുന്നത്. 2027 ലെ ഏകദിന ലോകകപ്പാണ് ഇനി ഇന്ത്യ ലക്ഷ്യമിടുന്നതും. ഇതിനായി സമഗ്ര മാറ്റത്തിന് ടീം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര്‍ എന്നത് മാറി ട്വന്‍റി 20യില്‍ പുതിയ പരിശീലകന്‍ വന്നേക്കുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ അത് ആശിഷ് നെഹ്റയാകുമെന്നാണ് മുന്‍താരമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്.
നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഇന്ത്യന്‍ ഹെഡ് കോച്ചാണ് നെഹ്റ. ഐപിഎലിലെ ഗുജറാത്തിന്‍റെ പ്രകടനം നെഹ്റയുടെ സാധ്യതകളും വര്‍ധിപ്പിക്കുന്നുണ്ട്. 2022 ല്‍ നിലവില്‍ വന്ന ടീം ഒരിക്കല്‍ കിരീടം നേടുകയും രണ്ടുവട്ടം ഫൈനലില്‍ എത്തുകയും ചെയ്തിട്ടുണ്ട്. തുടക്കം മുതല്‍ ടീമിനൊപ്പമുണ്ടായിരുന്ന നെഹ്റയ്ക്ക് ഗുജറാത്തിന്‍റെ ഇതുവരെയുള്ള പ്രകടനം പോസിറ്റീവാണെന്ന് തന്നെ പറയാം.
എന്തുകൊണ്ടും ഗംഭീറിന് പകരക്കാരനാകാന്‍ നെഹ്റയ്ക്ക് സാധിക്കുമെന്നും ക്രിക്കറ്റിനെ അത്ര വൈകാരികമായല്ലാതെ കാണാന്‍ സാധിക്കുന്നതും പിഴവുകള്‍ തിരിച്ചറിയാനും അത് തിരുത്തി മുന്നോട്ട് പോകാനും കഴിയുന്നതാണ് നെഹ്റയുടെ സവിശേഷതയെന്ന് മഞ്ജരേക്കര്‍ സ്പോര്‍ട്സ്റ്റാറിനോട് പറഞ്ഞു. 'കളിയെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് നെഹ്റ. ക്രിക്കറ്റിന് പുറത്തുള്ള കാര്യങ്ങള്‍ നെഹ്റയെ അലട്ടുകയേയില്ല. ആരെയെങ്കിലും പ്രീതിപ്പെടുത്തുകയെന്നത് നെഹ്റയുടെ ലക്ഷ്യവും ആയിരുന്നിട്ടില്ല. ജയപരാജയങ്ങളുടെ ഭാരം നെഹ്റ തലയിലേറ്റാറില്ല. ജയിക്കുമ്പോള്‍ വല്ലാതെ ക്രെഡിറ്റെടുക്കാനും എത്തില്ല. കഠിനപാതകളെ താണ്ടാനുള്ള ആത്മവിശ്വാസം നെഹ്റയില്‍ ഉണ്ടെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
കോച്ചെന്ന നിലയില്‍ നെഹ്റയുടേത് മികച്ച പ്രകടനമാണ്. ഫലം നല്‍കുന്ന കോച്ചാണ് നെഹ്റയെന്നും ബോളിങ് കോച്ചായി കൊണ്ടുവരുന്നതിനെക്കാളും മുഖ്യ പരിശീലകനായി നെഹ്റയെ കൊണ്ടുവന്നാല്‍ അതിന് മെച്ചമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.