Ahmedabad: India's Abhishek Sharma celebrates his half century during the ICC Men's T20 World Cup 2026 final cricket match between India and New Zealand, at Narendra Modi Stadium, in Ahmedabad, Gujarat, Sunday, March 8, 2026. (PTI Photo/Kunal Patil) (PTI03_08_2026_000473B) *** Local Caption ***
തുടര്‍ച്ചയായി മൂന്ന് വട്ടം പൂജ്യത്തിന് പുറത്തായിട്ടും, പുറത്തിരുത്തൂവെന്ന് മുന്‍താരങ്ങളടക്കം ആവശ്യപ്പെട്ടിട്ടും അഭിഷേക് ശര്‍മയെന്ന യുവതാരത്തില്‍ ടീം ഇന്ത്യ ഒരു വിശ്വാസം വച്ചു. വെടിക്കെട്ട് പ്രകടനത്തിലൂടെയാണ് അഭിഷേക് ശര്‍മ അത് കാത്തത്. ആറ് ഫോറും മൂന്ന് സിക്സുമുള്‍പ്പടെ 18 പന്തില്‍ അര്‍ധ സെഞ്ചറി. വിമര്‍ശകരുടെ വായടപ്പിച്ച് ഫൈനലില്‍ ടീം ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയതോടെ പവര്‍പ്ലേയില്‍ ഇന്ത്യ 92 റണ്‍സെടുത്തു. ട്വന്‍റി 20 ലോകകപ്പിന്‍റെ ചരിത്രത്തില്‍ തന്നെ പവര്‍പ്ലേയിലെ ഏറ്റവും ഉയര്‍ന്ന സ്കോറും ഇതാണ്.
'ഒട്ടും എളുപ്പമായിരുന്നില്ല അഭിഷേക് ശര്‍മയ്ക്ക് ഈ ലോകകപ്പ് ടൂര്‍ണമെന്‍റ്. പക്ഷേ ടീം അഭിഷേകിന്‍റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചു. ഫൈനലിലെ മികച്ച പ്രകടനം കൊണ്ടാണ് അഭിഷേക് അത് കാത്തത്. അഭിനന്ദനങ്ങള്‍' എന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്. 'കഴിവുറ്റ താരങ്ങളില്‍ വലിയ മല്‍സരങ്ങളില്‍ എപ്പോഴും വിശ്വാസം വയ്ക്കാം. ടീം ഇന്ത്യ അത് ചെയ്തു, അഭിഷേക് നിരാശപ്പെടുത്തിയുമില്ല'- എന്ന് ഇര്‍ഫാന്‍ പഠാനും മികച്ച ഇന്നിങ്സെന്ന് ശിഖര്‍ ധവാനും ട്വീറ്റ് ചെയ്തു.
അഭിഷേക് തെറ്റുകളില്‍ നിന്നും ഒന്നും പഠിച്ചില്ലെന്നും ഫൈനലില്‍ കളിപ്പിക്കരുതെന്നും സുനില്‍ ഗവാസ്കര്‍ അടക്കമുള്ള മുന്‍താരങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും മാനേജ്മെന്‍റും കോച്ചും അഭിഷേകില്‍ വിശ്വാസം അര്‍പ്പിച്ചു. റെക്കോര്‍ഡ് പ്രകടനത്തോടെയാണ് അഭിഷേക് അത് കാത്തത്. ടൂര്‍ണമെന്‍റിലെ തന്നെ അതിവേഗ അര്‍ധ സെഞ്ചറിയെന്ന നേട്ടവും അഭിഷേകിന് സ്വന്തം.
ഫൈനലിന് മുന്‍പ് കളിച്ച ഏഴ് ഇന്നിങ്സുകളില്‍ നിന്നായി ആകെ 89 റണ്‍സാണ് അഭിഷേകിന് നേടാന്‍ കഴിഞ്ഞത്. മൂന്ന് കളിയില്‍ പൂജ്യത്തിന് പുറത്തായി. ഒരു അര്‍ധ സെഞ്ചറി, അതും 130.88 മാത്രം സ്ട്രൈക്ക് റേറ്റില്‍. കൃത്യമായി പറഞ്ഞാല്‍ 0,0,0,15,55,10,9 എന്നിങ്ങനെയായിരുന്നു അഭിഷേകിന്‍റെ സ്കോറുകള്‍. ഫൈനലെത്തുന്നത് വരെ അഭിഷേകിന്‍റെ ലോകകപ്പ് സമ്പാദ്യത്തില്‍ ആകെയുണ്ടായിരുന്നത് 10 ഫോറും 5 സിക്സുമാണ്. എന്നാല്‍ തകര്‍പ്പനടിയില്‍ ചിത്രം മാറി. ആറ് ഫോറും മൂന്ന് സിക്സും കൂടി അക്കൗണ്ടിലേക്ക്. ഇതോടെ ടൂര്‍ണമെന്‍റിലെ സ്ട്രൈക്ക് റേറ്റ് 130.88 ല്‍ നിന്നും 158.42 ആയി കുതിച്ചുയര്‍ന്നു. ആദ്യ രണ്ടോവറില്‍ വിക്കറ്റ് നഷ്ടമാകാതെ 12 റണ്‍സാണ് അഭിഷേകും സഞ്ജുവും എടുത്തതെങ്കില്‍ നാലാം ഓവറായപ്പോള്‍ ഇന്ത്യ 50 കടന്നു. ആറാം ഓവറായപ്പോള്‍ 92 റണ്‍സും.