ട്വന്‍റി – 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലിലെത്തിയതിന് പിന്നാലെ പുതിയ ആരോപണവുമായി മുന്‍ പാക്കിസ്ഥാന്‍ താരം മുഹമ്മദ് ആമിര്‍. മല്‍സരത്തില്‍ ഷിമ്രോണ്‍ ഹെയ്റ്റ്മെയര്‍ പുറത്തായ രീതി സംശയാസ്പദമാണെന്ന് മുഹമ്മദ് ആമിര്‍ . ഇന്ത്യ സെമിയിലെത്തിയെങ്കിലും കിരീടം നേടാന്‍ സാധ്യതയിലെന്നും പാക്കിസ്ഥാന്‍ മുന്‍ താരം പ്രവചിച്ചു.
ഷിമ്രോണ്‍ ഹെറ്റ്മെയര്‍ പുറത്തായിരുന്നില്ലെങ്കില്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകുമായിരുന്നു, മല്‍സരത്തില്‍ 11 പന്തില്‍ 27 റണ്‍സുമായി തകര്‍ത്തടിച്ച ഹെറ്റ്മെയറെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ സഞ്ജു സാംസണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ബുംറയുടെ പന്ത് ഹെറ്റ്മെയറുടെ ബാറ്റിലുരസിയാണ് സഞ്ജുവിന്‍റെ കൈകളിലെത്തിയത്. അംപയര്‍ ഔട്ട് വിളിച്ചെങ്കിലും ഹെയ്റ്റ്മെയര്‍ റിവ്യൂ നല്‍കി. അള്‍ട്ര എഡ്ജില്‍ പന്ത് ബാറ്റില്‍ തട്ടിയെന്ന് വ്യക്തമായതോടെ തേര്‍ഡ് അംപയറും ഔട്ട് ശരിവച്ചു.
എന്നാല്‍ ഹെയ്റ്റ്മെയര്‍ ഔട്ടല്ലെന്നാണ് ആമിര്‍ വാദിക്കുന്നത്. ഹെയ്റ്റ് മെയര്‍ ഔട്ടല്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്, ഹെയ്റ്റ്മെയര്‍ കുറച്ചുനേരം കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ വിന്‍ഡീസ് സ്കോര്‍ 220–230 എത്തുമായിരുന്നു. അങ്ങനെയാണെങ്കില്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായേനെയെന്നും ആമിര്‍. ഇന്ത്യ സെമിയിലെത്തില്ലെന്ന പ്രവചനം തെറ്റിയതിന്‍റെ നിരശയിലാണ് താരം ഇത്തരം വിഢ്ഡിത്തരങ്ങള്‍ പറയുന്നതെന്ന് ഇന്ത്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വ്യാഴാഴ്ച വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ലോകകപ്പ് സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുന്നത്.