Image Credit: X

Image Credit: X

സൂപ്പര്‍ എട്ടിലെ രണ്ടാം മല്‍സരത്തില്‍ സിംബാബ്​വെയെ 72 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമി സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ്. മല്‍സരത്തില്‍ സഞ്ജുവിന്‍റെ പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഓപ്പണറായി അഭിഷേകിനൊപ്പം ഇറങ്ങിയ സഞ്ജു തുടക്കം രണ്ടാം പന്ത് തന്നെ സിക്സര്‍ പറത്തിയാണ് ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കിയത്. 15 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് താരം മടങ്ങിയെങ്കിലും അപ്പോഴേക്കും അഭിഷേകിന് അടിച്ചു കളിക്കാം എന്ന ധൈര്യം വന്നിരുന്നു. വിക്കറ്റിന് പിന്നിലും മാസ്മരിക പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.

രണ്ടാം ഇന്നിങ്സിന്‍റെ അവസാന ഓവറിലാണ് ആരാധകരെ ഞെട്ടിച്ച ആ പ്രകടനമുണ്ടായത്. അവസാന ഓവറിലെ മൂന്നാമത്തെ പന്ത് ശിവം ദുബെ എറിയുന്നു. 101.5 കി.മീ വേഗതയിലുള്ള  പന്ത് തഷിങ്ക മുസ്കിവ അടിച്ചു പറത്താന്‍ ശ്രമിച്ചു. പന്തിന്‍റെ അറ്റത്ത് തട്ടി വിട്ടതും വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്‍റെ വലത് ഭാഗത്തേക്ക് പറന്നു. ഞൊടിയിടയില്‍ വലത്തേക്ക് ചാടിയ സഞ്ജു ഒറ്റക്കൈ കൊണ്ട് പന്ത് പറന്ന് പിടിച്ചു. ഫുട്ബോളില്‍ ഗോള്‍ കീപ്പറുടെ അസാധ്യ സേവ് പോലെയെന്നായിരുന്നു കമന്‍റേറ്റര്‍മാര്‍ പോലും വാഴ്ത്തിയത്. ചെപ്പോക്ക് ഇളകി മറിഞ്ഞു. വിക്കറ്റ് കീപ്പറായുള്ള സഞ്ജുവിന്‍റെ മികവ് എടുത്ത് കാട്ടുന്നതാണ് ആ ക്യാച്ചെന്ന് ആരാധകരും പറയുന്നു. 

ജീവന്‍മരണപ്പോരാട്ടത്തിന് ചെപ്പോക്കില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യത്തെ ആശ്വാസം വിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കയുടെ ഒന്‍പത് വിക്കറ്റ് ജയമായിരുന്നു. ടോസ് നേടിയെങ്കിലും ഇന്ത്യയെ ബാറ്റിങിനയ്ക്കാനുള്ള സിക്കന്ദര്‍ റാസയുടെ തീരുമാനവും ഇന്ത്യയ്ക്ക് ഗുണം ചെയ്തു. ടൂര്‍ണമെന്‍റില്‍ ആദ്യമായി അര്‍ധസെഞ്ചറിയുമായി (55) അഭിഷേക് ശര്‍മ തിളങ്ങിയപ്പോള്‍ പിന്നാലെ വന്നവരാരും നിരാശപ്പെടുത്തിയില്ല. ഇഷാന്‍ കിഷന്‍ 38 ഉം സൂര്യകുമാര്‍ 33 റണ്‍സെടുത്ത് സ്കോര്‍ ഉയര്‍ത്തി. 

23 പന്തില്‍ നിന്ന് ഹാര്‍ദിക് അര്‍ധസെഞ്ചറി നേടിയപ്പോള്‍ ടൂര്‍ണമെന്‍റില്‍ ഇതുവരെ മങ്ങിയ ഫോമിലുണ്ടായിരുന്ന തിലക് വര്‍മ വെടിക്കെട്ട് ബാറ്റിങിലേക്ക് ഉയര്‍ന്നു. 16 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് താരം മടങ്ങിയത്. മറുപടി ബാറ്റിങിനിറങ്ങിയ സിംബാബ്​വെയ്ക്ക് പക്ഷേ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞില്ല.  97 റണ്‍സുമായി ബെന്നറ്റ് ഒറ്റയ്ക്ക് പൊരുതിയെങ്കിലും സിംബാബ്​വെയുടെ പോരാട്ടം 184 റണ്‍സില്‍ ഒതുങ്ങി.അര്‍ഷ്ദീപും ശിവം ദുബെയുമാണ് ഇന്ത്യയ്ക്കായി നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയത്. 

ENGLISH SUMMARY:

Indian wicketkeeper Sanju Samson left fans and commentators in awe with a spectacular one-handed diving catch during India’s 72-run victory over Zimbabwe at Chepauk. In a high-stakes T20 World Cup 2026 Super 8 match, Sanju’s acrobatic effort to dismiss Tashinga Musekiwa drew comparisons to a top-tier football goalkeeper's save. While Abhishek Sharma notched his first half-century of the tournament and Hardik Pandya smashed a 23-ball fifty, it was Sanju’s lightning-fast reflexes behind the stumps that became the talk of the town. Earlier, Sanju provided a brisk start as an opener, hitting a six on his second ball to set the tone for the innings. With this crucial win, India has revived its semi-final hopes, aided by South Africa’s victory over the West Indies. Team India's collective effort in both batting and bowling departments has now put them back in contention for the 2026 title.